Drisya TV | Malayalam News

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് ചരക്ക് ട്രെയിനിന്റെ ട്രയൽ റൺ വിജയകരമായി ആരംഭിച്ചു

 Web Desk    30 Jul 2026

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് ചരക്ക് ട്രെയിനിന്റെ ട്രയൽ റൺ വിജയകരമായി ആരംഭിച്ചു. പരീക്ഷണ ഓട്ടത്തിനിടെ മണിക്കൂറിൽ 145 കിലോമീറ്റർ വേഗത കൈവരിക്കാൻ ട്രെയിന് സാധിച്ചു. രാജസ്ഥാനിലെ കോട്ട ഡിവിഷനിലാണ് പരീക്ഷണ ഓട്ടം പുരോഗമിക്കുന്നത്. ആദ്യ ദിന സാങ്കേതിക പരീക്ഷണങ്ങൾ പൂർത്തിയാക്കിയതോടെ, ഇന്ത്യ അതിന്റെ ചരക്ക് റെയിൽവേ ശൃംഖല നവീകരിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ് നടത്തിയത്.

റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നഗ്ദ – കോട്ട – സവായ് മധോപൂർ റൂട്ടിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്. പ്രതിദിനം കുറഞ്ഞത് രണ്ട് റൗണ്ട് ട്രിപ്പുകളെങ്കിലും പരീക്ഷണത്തിന്റെ ഭാഗമായി നടത്തും. ഏകദേശം ഒരു മാസം നീണ്ടുനിൽക്കുന്ന ഒന്നിലധികം ഘട്ടങ്ങളുള്ള പരീക്ഷണ ഓട്ടമാണ് റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്.

റെയിൽവേയുടെ ഹൈ-സ്പീഡ് ചരക്ക് സേവനങ്ങൾക്കും പാഴ്സൽ ഗതാഗതത്തിനും പുതിയ ദിശാബോധം നൽകുന്നതാണ് ഈ പദ്ധതി. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി വികസിപ്പിച്ചെടുത്ത 16 കോച്ചുകളുള്ള ‘Freight EMU’ പ്രോട്ടോടൈപ്പ് റേക്കാണിത്. വിവിധ വേഗതകളിലും ഭാരം കയറ്റിയുള്ള അവസ്ഥകളിലും ട്രെയിനിന്റെ ഓസിലേഷൻ, എമർജൻസി ബ്രേക്കിങ് സിസ്റ്റം, കപ്ലർ ഫോഴ്സ്, ട്രാക്ഷൻ, സിഗ്നലിങ് സുരക്ഷ, വാതിലുകളുടെ പ്രവർത്തനം എന്നിവ പരിശോധിച്ച് വരികയാണ്.16 കോച്ചുകളുള്ള ട്രെയിനിൽ 2 ഡി.ടി.സി റീഫർ വാനുകൾ, 2 എൻ.ഡി.ടി.സി കോച്ചുകൾ, 12 പാഴ്സൽ കോച്ചുകൾ എന്നിവ ഉൾപ്പെടുന്നു. ആകെ 397.02 ടൺ ചരക്ക് ഒരേസമയം കൊണ്ടുപോകാൻ സാധിക്കും.

  • Share This Article
Drisya TV | Malayalam News