ഇന്ത്യന്‍ ധനകാര്യ മേഖലയില്‍ വമ്പന്‍ അപ്‌ഡേറ്റുമായി സര്‍ക്കാര്‍. പ്രവര്‍ത്തനങ്ങളിലും, ഇടപാടുകളിലും കൂടുതല്‍ സുതാര്യതയും, വേഗവും കൊണ്ടുവരുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിപുലീകരിച്ച ഡിജിറ്റല്‍ സംവിധാനം ഓഗസ്റ്റ് 1 മുതല്‍ നടപ്പാക്കുകയാണ്. സികെവൈസി 2.0 (CKYC 2.0) എന്നറിയപ്പെടുന്ന ഈ പുതിയ സംവിധാനം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും, സാമ്പത്തിക നിക്ഷേപങ്ങളും തടസമില്ലാതെ തുടരാന്‍ സികെവൈസി 2.0 അത്യന്താപേക്ഷിതമാണ്.
ഇതൊരു ഏകീകൃത കെവൈസി സിസ്റ്റമാണ്. സെന്‍ട്രല്‍ കെവൈസി റെക്കോര്‍ഡ്‌സ് രജിസ്ട്രിയുടെ (CKYCRR) പുതിയതും, കൂടുതല്‍ വേഗതയേറിയതുമായ പതിപ്പ്. പുതിയ സംവിധാനത്തില്‍ ഉപയോക്താക്കള്‍ ഒറ്റത്തവണ മാത്രം കെവൈസി പൂര്‍്ത്തിയാക്കിയാല്‍ മതി. ഇത് ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ തുടങ്ങിയ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയും. കാരണം ഇതൊരു അതീവ സുരക്ഷയുള്ള ഒറ്റ ഡിജിറ്റല്‍ ഡാറ്റാബേസാണ്. നിലവില്‍ ഒരോ സേവനങ്ങള്‍ക്കും ഉപയോക്തക്കള്‍ പ്രത്യേകം കെവൈസി പൂര്‍ത്തിയാക്കേണ്ടതുണ്ട്. പുതിയ സംവിധാനത്തില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഉപഭോക്താവിന് 14 അക്കങ്ങള്‍ അടങ്ങിയ ഒരു സികെവൈസി ഐഡന്റിഫയര്‍ നമ്പര്‍ ലഭിക്കും. ഇതാണ് നിങ്ങള്‍ക്ക് ഭാവി എളുപ്പമാകുന്നത്.
സികെവൈസി നടപടികള്‍ക്കായി നിങ്ങള്‍ ബാങ്കുകളില്‍ പോകേണ്ട ആവശ്യമില്ല. നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ആധാര്‍, നിലവിലെ മൊബൈല്‍ നമ്പര്‍ എന്നിവ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി തന്നെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. അതേ സമയം താഴെ പറയുന്ന സാഹചര്യങ്ങളില്‍ ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കേണ്ടി വരും.
വിലാസത്തിലോ, പേര്, മൊബൈല്‍ നമ്പറിലോ കാര്യമായ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍.
ഓണ്‍ലൈന്‍ ഡിജിറ്റല്‍ ബയോമെട്രിക് സ്ഥിരീകരണം പരാജയപ്പെട്ടാല്‍.
ബാങ്ക് നേരിട്ടെത്തി ഫോം നല്‍കാന്‍ നിര്‍ദ്ദേശിച്ചാല്‍.
ബാങ്ക് അക്കൗണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഡിമാറ്റ് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവ ഉപയോഗിക്കുന്ന എല്ലാവരും ഈ നടപടികള്‍ പൂര്‍ത്തിയാക്കണം. ബാങ്കില്‍ നിന്നോ മറ്റ് സ്ഥാപനങ്ങളില്‍ നിന്നോ 'Re-KYC' പൂര്‍ത്തിയാക്കാന്‍ എസ്എംഎസ്, ഇമെയില്‍ ലഭിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും ചെയ്യണം. അടുത്ത കാലത്ത് മേല്‍വിലാസമോ, ഫോണ്‍ നമ്പറോ മാറിയവരും നിര്‍ബന്ധമായും ചെയ്യണം.