പരീക്ഷ ചോർച്ചക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങൾക്കിടെ അറസ്റ്റിലാവുകയോ തടങ്കലിലാക്കപ്പെടുകയോ ചെയ്ത വിദ്യാർഥികളിൽ 18 വയസ്സിൽ താഴെയുള്ളവരെയും മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും ഉടനടി മോചിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം. വിഷയത്തിൽ വിപുലമായ ഇടക്കാല ഉത്തരവുകളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ഡൽഹിയിലെ ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികളോ കർശന നടപടികളോ സ്വീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു.അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഉയർന്ന തലത്തിലുള്ള അന്വേഷണം ആവശ്യമുള്ള വിഷയമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിഷേധക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഉത്തരവുകൾ കൂടുതൽ സംസ്ഥാനങ്ങൾ പുറത്തിറക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ക്രോക്കോച്ച് ജനതാ പാർട്ടി അറിയിച്ചു.അർധരാത്രിയിൽ സർക്കാരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സി.ജെ.പി വിക്താക്കൾ ഇക്കാര്യം അറിയിച്ചത്.
പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയെ ‘കരാർ ലംഘനം’ എന്ന് വിശേഷിപ്പിച്ച സി.ജെ.പി പുതിയ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.അർധരാത്രിയിൽ സർക്കാരുമായി നടന്ന ചർച്ചക്ക് ശേഷം പ്രതിഷേധക്കാർക്ക് ആശ്വാസം നൽകുന്ന ഉത്തരവുകൾ അസം, ബിഹാർ സർക്കാറുകൾ പുറത്തിറക്കിയതായും സി.ജെ.പി വ്യക്തമാക്കി.
അർധരാത്രി ഒരു മണിയോടെ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും കസ്റ്റഡിയിലുള്ള എല്ലാവരെയും മോചിപ്പിക്കുമെന്നും കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സമാന സംരക്ഷണം ഉറപ്പാക്കുന്ന വിജ്ഞാപനങ്ങൾ പുറത്തിറക്കുമെന്നും സർക്കാർ വീണ്ടും ഉറപ്പുനൽകിയതായി സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് അറിയിച്ചു.
മണിക്കൂറുകൾ നീണ്ട ചർച്ചയിൽ പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കുമെന്നും ഭാവിയിൽ നടപടികളൊന്നും ഉണ്ടാകില്ലെന്നും കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കുമെന്നും ഇത് സംബന്ധിച്ച അസമിന്റെയും ബിഹാറിന്റെയും സർക്കാർ വിജ്ഞാപനങ്ങളുടെ പകർപ്പുകൾ അധികൃതർ കൈമാറിയതായും സൗരവ് ദാസ് പറഞ്ഞു. കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ ഉറപ്പുനൽകുന്ന ഉത്തരവുകൾ ഉടൻ പുറത്തിറക്കുമെന്ന വാഗ്ദാനവും സർക്കാർ ആവർത്തിച്ചതായും സൗരവ് ദാസ് കൂട്ടിച്ചേർത്തു.