വടകരയിലെ എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് അധ്യാപിക ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30) ആണ് പിടിയിലായത്. സംഭവത്തിൽ രണ്ട് അധ്യാപികമാർ നേരത്തെ അറസ്റ്റിൽ ആയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് അധ്യാപിക മരുതോങ്കര സ്വദേശി കീർത്തന, ചെരുവാളൂർ സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് കെ.കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം നീഷ്മയെ അറസ്റ്റ് ചെയ്തത്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. കീർത്തനയെയും കാവ്യയെയും സർവീസിൽ നിന്നു പിരിച്ചു വിട്ടിരുന്നു.
ലഹരി വിൽപന വഴിയുള്ള പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയതാണ് അറസ്റ്റിൽ വഴിത്തിരിവായത്. അടുത്ത സുഹൃത്തുക്കളായ അധ്യാപികമാർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കീർത്തന അറസ്റ്റിലായത്. കീർത്തനയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തെത്തുടർന്ന് കാവ്യ പിടിയിലായി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് നീഷ്മയുടെ ബന്ധം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷം നീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.