Drisya TV | Malayalam News

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി നിർദ്ദേശം 

 Web Desk    28 Jul 2026

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി. തിങ്കളാഴ്ച ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഓർഡിനറി ബസുകളിൽ ആറ് ക്രമക്കേടുകൾ കൂടി കണ്ടെത്തിയതായി വിജിലൻസ് വിഭാഗം യോഗത്തിൽ റിപ്പോർട്ട് ചെയ്തു. പ്രിയദർശിനി സർവീസുകളിലെ യാത്രക്കാരുടെ എണ്ണവും കളക്ഷനും ഓരോ ഡിപ്പോയും അതത് ദിവസം പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. പരമാവധി ഓർഡിനറി ബസുകൾ പരിശോധിക്കാൻ വിജിലൻസ് സ്ക്വാഡുകൾക്ക് നിർദേശം നൽകിയതായി വിജിലൻസ് ഓഫീസർ അറിയിച്ചു.

പ്രിയദർശിനി ടിക്കറ്റുകളുടെ എണ്ണവും ആകെ ടിക്കറ്റ് നിരക്കും എല്ലാ ദിവസവും രേഖപ്പെടുത്തണമെന്ന് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. രേഖപ്പെടുത്തിയ വിവരങ്ങൾ ടിക്കറ്റ് ആൻഡ് കാഷ് സൂപ്രണ്ടും ഓഡിറ്റ് സൂപ്രണ്ടും പരിശോധിച്ച് ഒപ്പുവെക്കണം. പ്രതിദിന കളക്ഷൻ രേഖപ്പെടുത്തുന്ന സി-ഡിറ്റ് പ്രോഗ്രാമിലും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. ഇതിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം അച്ചടക്ക നടപടിയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

  • Share This Article
Drisya TV | Malayalam News