കടലാസിന് പകരം പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിക്കുന്ന കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള ആർ ബി ഐ നിർദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം. പരീക്ഷണാടിസ്ഥാനത്തിൽ 10-ൻയും 20-ന്റേയും 100 കോടി വീതം എണ്ണം പോളിമർ നോട്ടുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക. പരീക്ഷണം വിജയിച്ചാൽ പ്ലാസ്റ്റിക് നോട്ടുകൾ വ്യാപകമാക്കും.കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് പദ്ധതിയിടുന്നതായി കഴിഞ്ഞമാസം തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കടലാസ് നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾ കൂടുതൽ കാലം ഈടുനിൽക്കും എന്നതാണ് റിസർവ് ബാങ്ക് ഇതിന് ന്യായമായി പറഞ്ഞത്. കൂടാതെ ഉയർന്ന പണവിനിമയം നടക്കുന്ന സമ്പദ് വ്യവസ്ഥകൾക്ക് അനുയോജ്യമാണ് ഇത്തരം നോട്ടുകളെന്നും ആർബിഐ പറയുന്നു.നിലവിലുള്ള കടലാസ് കറൻസികൾക്കൊപ്പമാണ് പ്ലാസ്റ്റിക് നോട്ടുകളും വിനിമയം ചെയ്യപ്പെടുക.
പ്ലാസ്റ്റിക് നോട്ടുകൾ എത്തുന്നതിനനുസരിച്ച് കടലാസ് നോട്ടുകൾ നിർത്തലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ പറയുന്നു. കടലാസ് കറൻസികൾ പൂർണമായും പ്ലാസ്റ്റിക്കിലേക്ക് മാറ്റാനുള്ള ആലോചന ഇപ്പോഴില്ലെന്ന് ലോക്സഭയിലെ മറുപടിയിൽ മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
പോളിമർ നോട്ടുകൾ ഡിജിറ്റൽ പെയ്മന്റുകളെ ബാധിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും റിസർവ് ബാങ്ക് പറയുന്നു. നോട്ടുകൾ പ്രചാരത്തിലെത്തിയ ശേഷമേ ഇക്കാര്യം വിലയിരുത്താൻ കഴിയൂ. കറൻസികളും ഡിജിറ്റൽ പെയ്മെന്റും പരസ്പരപൂരകമായ പണ വിനിമയ രീതികളാണെന്നും അവ തുടർന്നും നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർബിഐ പറഞ്ഞു.