Drisya TV | Malayalam News

നീറ്റ് പരീക്ഷാ ക്രമക്കേട് കേസുകൾ പരിഗണിക്കാനായി സ്ഥാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് മാറ്റിവെച്ചു

 Web Desk    27 Jul 2026

ഏറെ പ്രതിഷേധങ്ങൾക്കും സിജെപിയുടെ രാജ്യവ്യാപക സമരത്തിനുമൊടുവിൽ നീറ്റ് പരീക്ഷാ ക്രമക്കേട് കേസുകൾ പരിഗണിക്കാനായി സ്ഥാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് മാറ്റിവെച്ചു. സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെക്കേണ്ടി വന്നത്. നീറ്റുമായി ബന്ധപ്പെട്ട കേസുകൾക്ക് വേണ്ടി ദില്ലി റൗസ് അവന്യു കോടതിയിലാണ് ഫാസ്റ്റ് ട്രാക് കോടതി സജീകരിച്ചിരിക്കുന്നത്. കേസുകൾ വേഗത്തിൽ തീർക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ചത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിലെ 13 പ്രതികളിൽ ഉൾപ്പെട്ട 2 പ്രതികളുടെ ജാമ്യാപേക്ഷയായിരുന്നു ഇന്ന് കോടതി പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്ന് കേസ് മാറ്റി വെക്കുകയായിരുന്നു. അടുത്ത ഹിയറിംഗ് ഓഗസ്റ്റ് 3ന് നടക്കും. കേസ് മാറ്റിവെക്കേണ്ടി വന്നതിൽ ജസ്റ്റിസ് അനു ഗ്രോവർ ബലിഗ അതൃപ്തി പ്രകടിപ്പിച്ചു.

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസുകൾവേഗത്തിൽ തീർപ്പാക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചത്. ജസ്റ്റിസ് അനു ഗ്രോവർ ബലിഗയാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജി. 2024 പബ്ലിക് എക്സാമിനേഷൻ ആക്ടിന് കീഴിൽ വരുന്ന മുഴുവൻ കുറ്റങ്ങളും ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. ദില്ലിയിൽ റോസ് അവന്യൂ കോടതി സമുച്ചയത്തിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രവർത്തിക്കുന്നത്.

  • Share This Article
Drisya TV | Malayalam News