Drisya TV | Malayalam News

ചിപ്പുകളുടെ വില വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ക്വാൽകോം

 Web Desk    27 Jul 2026

ചിപ്പുകളുടെ വില വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ക്വാൽകോം. ഇതോടെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ വില ഇനിയും കൂടും. ചിപ്പുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ച വിവരം ക്വാൽകോം ഉപയോക്താക്കളായ വിവിധ കമ്പനികളെ അറിയിച്ചുവെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടു ചെയ്യുന്നത്. സെപ്റ്റംബർ 1-ന് ശേഷം അയയ്ക്കുന്ന ഉത്പന്നങ്ങളുടെ വില വർധിക്കുമെന്ന് ക്വാൽകോം കമ്പനികൾക്കയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചിപ്പ് നിർമാണത്തിന്റെ ഉയർന്ന ചെലവ് ഇനിയും താങ്ങാനാകില്ലെന്ന് കമ്പനി പറയുന്നു. പ്രധാന ഘടകങ്ങൾക്ക് ലോകമെമ്പാടും നേരിടുന്ന ദൗർലഭ്യം നിർമ്മാണച്ചെലവുകൾ വർധിപ്പിക്കുകയാണ്. ബദൽ വിതരണ സംവിധാനങ്ങളിൽനിന്ന് നിർമാണ ഘടകങ്ങൾ സംഭരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് കമ്പനി പറയുന്നു.ഇതോടെയാണ് വില വർധിപ്പിക്കേണ്ടിവന്നത്.

സ്മാർട്ട്ഫോൺ നിർമാതാക്കളിൽ വലിയൊരു പങ്കും ക്വാൽകോം ചിപ്പുകളാണ് ഉപയോഗിക്കുന്നത്. സാംസങ്, ഷവോമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ആൻഡ്രോയിഡ് ഫോണുകൾക്ക് പ്രോസസറുകളും ക്വാൽകോം നൽകുന്നു. സ്മാർട്ട്ഫോണുകൾക്ക് പുറമെ, വിൻഡോസ് പിസികൾ, സ്മാർട്ട് ഗ്ലാസുകൾ, ഓട്ടോമോട്ടീവ് സിസ്റ്റങ്ങൾ, ഇന്റർനെറ്റ് സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയിലും കമ്പനിയുടെ ചിപ്പുകൾ ഉപയോഗിക്കുന്നു.

ഓരോ ചിപ്പിന്റെയും വില എത്രയാവും വർധിക്കുക എന്ന് ക്വാൽകോം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ വിലവർധന കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്വാൽകോം പ്രോസസറുകളെ ആശ്രയിക്കുന്ന ഉപകരണ നിർമ്മാതാക്കൾക്ക് ഒന്നുകിൽ അധിക ചെലവ് സ്വയം വഹിക്കുകയോ, വില വർധിപ്പിക്കുകയോ ചെയ്യേണ്ടി വരും.

മെമ്മറി ചിപ്പുകൾക്കും മറ്റ് പ്രധാന ഘടകങ്ങൾക്കുമുള്ള ഉയർന്ന വില ഇതിനകം തന്നെ നിരവധി കമ്പനികളെ വില വർധിപ്പിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.ക്വാൽകോം ഇപ്പോൾ ചിപ്പ് വില വർധിപ്പിക്കുന്നതിന്റെ സ്വാധീനം ഈ വർഷം അവസാനവും അതിനുശേഷവും പുറത്തിറങ്ങുന്ന വിവിധ സ്മാർട്ട്ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും വിലയിൽ പ്രതിഫലിക്കപ്പെടും എന്നാണ് കരുതുന്നത്.

 

 

 

 

  • Share This Article
Drisya TV | Malayalam News