Drisya TV | Malayalam News

മക്കൾ സംരക്ഷിക്കുന്നില്ലെങ്കിൽ നൽകിയ സ്വത്ത് തിരിച്ചെടുക്കാമെന്ന് ബോംബെ ഹൈക്കോടതി

 Web Desk    9 Jul 2026

വാർധക്യത്തിൽ തങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പിൽ മക്കൾക്ക് എഴുതിക്കൊടുക്കുന്ന സ്വത്ത് തിരികെ വാങ്ങാൻ മാതാപിതാക്കൾക്ക് പൂർണമായ അവകാശമുണ്ടെന്ന് ബോംബെ ഹൈകോടതി. മക്കൾ തങ്ങളുടെ വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ആ സ്വത്തു കൈമാറ്റം അസാധുവാക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. മാതാപിതാക്കൾ സാമ്പത്തികമായി ഭദ്രരാണെങ്കിൽ പോലും ഈ നിയമം അവർക്ക് തുല്യമായി ബാധകമാണെന്ന നിർണായക നിരീക്ഷണമാണ് കോടതി നടത്തിയത്.

ഒരു ജ്വല്ലറി ഉടമയായ പിതാവ് താനും ഭാര്യയും താമസിച്ചിരുന്ന ഫ്ലാറ്റ്, വാർധക്യത്തിൽ മകൻ തങ്ങളെ നോക്കുമെന്ന ഉറപ്പിൽ 2023ൽ അവന് സമ്മാനമായി നൽകിയിരുന്നു. എന്നാൽ കാലക്രമേണ മകനുമായുള്ള ബന്ധം വഷളാവുകയും, 2025ഓടെ വൃദ്ധദമ്പതികൾക്ക് സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടി വരികയും ചെയ്തു. സ്വന്തം മകനിൽ നിന്ന് ഇത്തരമൊരു ദുരനുഭവം നേരിട്ടതോടെ, സീനിയർ സിറ്റിസൺസ് ആക്റ്റ് പ്രകാരം ഇവർ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്ന് 60 ദിവസത്തിനുള്ളിൽ മകനും കുടുംബവും വീട് ഒഴിഞ്ഞു നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു.

എന്നാൽ, തന്റെ പിതാവ് സാമ്പത്തികമായി സ്വതന്ത്രനാണെന്നും സ്വന്തമായി ബിസിനസ്സും മറ്റ് സ്വത്തുക്കളുമുള്ള ആളാണെന്നും ചൂണ്ടിക്കാട്ടി മകൻ ഹൈകോടതിയിൽ അപ്പീൽ നൽകി. തങ്ങളുടെ മാതാപിതാക്കൾ ദരിദ്രരല്ലെന്നും അതിനാൽ സ്വത്ത് തിരികെ നൽകേണ്ടതില്ലെന്നും ആയിരുന്നു മകന്റെ വാദം. എന്നാൽ ഈ വാദം കോടതി തള്ളി. 2007ലെ സീനിയർ സിറ്റിസൺസ് ആക്റ്റ് സെക്ഷൻ 23 പ്രകാരം, മാതാപിതാക്കൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന വ്യവസ്ഥയിൽ നടത്തുന്ന കൈമാറ്റം, ആ വാക്ക് പാലിക്കപ്പെട്ടില്ലെങ്കിൽ ഏതു നിമിഷവും അസാധുവാക്കാവുന്നതാണ്.

  • Share This Article
Drisya TV | Malayalam News