Drisya TV | Malayalam News

ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടറെന്ന പദവി അമേരിക്കയെ പിന്തള്ളി സ്വന്തമാക്കി ചൈന

 Web Desk    24 Jun 2026

ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടറെന്ന പദവി അമേരിക്കയെ പിന്തള്ളി സ്വന്തമാക്കി ചൈന. ചൈനയിലെ ഷെൻഷെനിലുള്ള ലൈൻഷൈൻ എന്ന സൂപ്പർ കമ്പ്യൂട്ടറാണ് പുതിയ ടോപ് 500 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇതോടെ അമേരിക്കയുടെ എൽ കാപിറ്റൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2017ൽ സൺവേ തൈഹുലൈറ്റ് ഒന്നാം സ്ഥാനത്ത് എത്തിയതിന് ശേഷം ആദ്യമായാണ് ഒരു ചൈനീസ് സൂപ്പർ കമ്പ്യൂട്ടർ പട്ടികയിൽ ഒന്നാമതെത്തുന്നത്. ചൈനയുടെ നാഷനൽ സൂപ്പർ കമ്പ്യൂട്ടിങ് സെന്ററിലുള്ള ലൈൻഷൈന് സെക്കൻഡിൽ 2.198 എക്സാഫ്ലോപ്സ് (രണ്ട് ക്വിന്റില്യണിലധികം കണക്കുകൂട്ടലുകൾ) നിർവഹിക്കാൻ കഴിയും. എൽ കാപിറ്റനേക്കാൾ 20 ശതമാനം മുന്നിലാണെന്നും പറയുന്നു. കാലിഫോർണിയയിലെ ലിവർമോറിലെ ലോറൻസ് ലിവർമോർ നാഷനൽ ലബോറട്ടറിയിലുള്ള എൽ കാപിറ്റൻ 2024 നവംബർ മുതൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സൂപ്പർ കമ്പ്യൂട്ടറായി തുടരുകയായിരുന്നു. ഇതിനെ മറികടന്നാണ് ലൈൻഷൈനിന്റെ മുന്നേറ്റം.

ടെന്നസിയിലെ ഫ്രോണ്ടിയർ, ഇല്ലിനോയിസിലെ അറോറ, ജർമനിയിലെ ജൂപ്പിറ്റർ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള സൂപ്പർ കമ്പ്യൂട്ടറുകൾ. യു.കെ, ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി, നെതർലന്റ്സ്, സ്വിറ്റ്സർലന്റ് എന്നിവയാണ് ആദ്യ 20 സ്ഥാനങ്ങളിൽ ഉൾപ്പെട്ട മറ്റ് രാജ്യങ്ങൾ.

എ.ഐ സംവിധാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ജി.പി.യുകൾക്ക് പകരം പൂർണമായും ആഭ്യന്തരമായി വികസിപ്പിച്ച സി.പി.യു ചിപ്പുകളാണ് ചൈന ലൈൻഷൈനിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ നേട്ടം ചൈന എ.​ഐ മേഖലയിൽ അമേരിക്കയെ മറികടന്നുവെന്നതിന്റെ തെളിവല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  • Share This Article
Drisya TV | Malayalam News