ദേവിദേവൻമാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാർ സത്യപ്രതിജ് ചെയ്തത് അസാധുവാണെന്ന് ഹൈക്കോടതി. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂൾ പ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്‌ഞയോ ദൃഢപ്രതിജ്‌ഞയോ ആണ് ചെയ്യേണ്ടത്. ഇതിൽനിന്നു വ്യത്യസ്തമായിട്ടുള്ള സത്യപ്രതിജ് അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. നാലാഴ്ചയ്ക്കുള്ളിൽ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം.
അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി പഞ്ചായത്തിലെ മെമ്പർ സുനിൽ ചുവട്ടുപാടം ചെയ്ത സത്യപ്രതിജ്‌ഞയും ഹൈക്കോടതി റദ്ദാക്കി. 21-ാം വാർഡ് ആയ പന്നിയങ്കരയിലെ മെമ്പറാണ് സുനിൽ ചുവട്ടുപാടം. 'ഈശ്വരന്റെ അനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്താൽ' ആയിരുന്നു സുനിലിന്റെ സത്യപ്രതിജ്‌ഞ.
ദൈവനാമത്തിൽ എന്നല്ലാതെ ദൈവങ്ങളുടെയും പേര് പറയാൻ ചട്ടപ്രകാരം കഴിയില്ലെന്നും ആ സാഹചര്യത്തിൽ ഇവരുടെ സത്യപ്രതിജ്‌ഞ നിയമവിരുദ്ധമാണെന്നുമാണ് പരാതിയിലുണ്ടായിരുന്നത്. സത്യവാചകത്തിൽ ഇല്ലാത്ത പേരുകൾ പറഞ്ഞുള്ള സത്യപ്രതിജ്‌ഞ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.