Drisya TV | Malayalam News

വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ 

 Web Desk    24 Jun 2026

സ്ഥാപനങ്ങൾക്കു ബാധകമായ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഎ) ചട്ടങ്ങൾ കേന്ദ്രസർക്കാർ കൂടുതൽ കർശനമാക്കി. 2011 ലെ എഫ്സിആർഎ ചട്ടത്തിൽ വരുത്തിയ ഭേദഗതി തിങ്കളാഴ്ച പ്രാബല്യത്തിലായി.

ഇനി പൊതുവായ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും മാത്രം ചൂണ്ടിക്കാട്ടി വിദേശസംഭാവനയ്ക്ക് അനുമതി തേടാനാവില്ല. മതം, സംസ്കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ 5 വിഭാഗങ്ങളിലായുള്ള 105 തരം പ്രവർത്തനങ്ങളിലൊന്നാണ് ലക്ഷ്യമെന്നു വ്യക്തമാക്കിയാലേ എഫ്സിആർഎ റജിസ്ട്രേഷൻ അനുവദിക്കൂ. ഉദാഹരണത്തിന്, മത വിഭാഗത്തിൽ ആരാധാനലയങ്ങളുടെ നിർമാണവും പുനരുദ്ധാരണവും, വിശുദ്ധ ഗ്രന്ഥങ്ങളുടെ അച്ചടി എന്നിങ്ങനെ 18 പ്രവർത്തനങ്ങളാണ് അനുവദനീയം.

മതപരിവർത്തന പ്രവർത്തനങ്ങൾക്കു വിലക്കുണ്ട്. ചില മേഖലകളിൽ രാഷ്ട്രീയമായ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. സ്ഥാപനം പ്രവർത്തിക്കുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്നു വ്യക്തമാക്കണം. നിലവിൽ എഫ്സിആർഎ റജിസ്ട്രേഷനുള്ള എല്ലാ സ്ഥാപനങ്ങളും ഒരു വർഷത്തിനകം മേഖലയും സംസ്ഥാനങ്ങളും സർക്കാരിനെ അറിയിക്കണം.‍ ഒന്നിലേറെ പ്രവർത്തനമേഖലകളോ സംസ്ഥാനങ്ങളോ തിരഞ്ഞെടുത്താൽ അപേക്ഷയ്ക്ക് അധിക തുക നൽകണം.

  • Share This Article
Drisya TV | Malayalam News