Drisya TV | Malayalam News

സാഹസിക യാത്രികനും സ്പൈഡർമാൻ ഓഫ് യെമൻ എന്ന പേരിൽ പ്രശസ്തനുമായ അൽ-ഖാഖാ ഇബ്ൻ അന്തരത്തിന് അഗ്നിപർവ്വത ഗർത്തത്തിൽ വീണ് ദാരുണാന്ത്യം

 Web Desk    14 Jun 2026

യെമനിലെ അറിയപ്പെടുന്ന സാഹസിക യാത്രികനും 'സ്പൈഡർമാൻ ഓഫ് യെമൻ' എന്ന പേരിൽ പ്രശസ്തനുമായ അൽ-ഖാഖാ ഇബ്ൻ അന്തരത്തിന് (30) ദാരുണാന്ത്യം. സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ അഗ്നിപർവ്വത ഗർത്തത്തിന്റെ ചെങ്കുത്തായ പ്രതലത്തിലുടെ കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. തെക്കൻ പ്രവിശ്യയായ ധാലെയിലെ അഗ്നിപർവ്വത ഗർത്തത്തിലാണ് അപകടം നടന്നതെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി സ്ഥിരീകരിച്ചു. ഏകദേശം 120 മീറ്റർ (393 അടി) താഴ്ചയുള്ള ഗർത്തത്തിലേക്കാണ് ഇയാൾ പതിച്ചത്.

അപകടത്തിന്റെ ദൃശ്യങ്ങൾ സിവിൽ ഡിഫൻസ് അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. പാറക്കെട്ടിന് മുകളിൽ അറബിയിൽ പേരുകൾ എഴുതിയിരിക്കുന്ന പ്രതലത്തിലുടെ യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെ ഇയാൾ കയറുന്നത് വീഡിയോയിൽ കാണാം. വലതു കൈകൊണ്ട് പാറയിൽ പിടിച്ചുനിൽക്കെ ഇടതുകൈ വായുവിൽ ഉയർത്തി നിൽക്കുന്നതിനിടെ പെട്ടെന്ന് പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തുന്നതിനായി നീന്തൽ വിദഗ്ധരടങ്ങുന്ന സംഘം നാല് മണിക്കൂർ നീണ്ട സങ്കീർണ്ണമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്. ഒടുവിൽ ഗർത്തത്തിന് താഴെയുള്ള തടാകത്തിന്റെ ഉപരിതലത്തിൽ നിന്ന് 30 മീറ്റർ ആഴത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കുത്തനെയുള്ള പാറക്കെട്ടുകളും ചെങ്കുത്തായ ഭൂപ്രകൃതിയും കാരണം രക്ഷാപ്രവർത്തനം അതീവ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഗർത്തത്തിന്റെ അടിത്തട്ടിലുള്ള ചൂടുള്ള സൾഫർ തടാകത്തിലേക്കാണ് അന്തരം വീണത്.

യെമനിലെ ദുർഘടമായ മലനിരകളിൽ സുരക്ഷാ ഉപകരണങ്ങളില്ലാതെ സാഹസിക യാത്രകൾ നടത്തുന്ന വീഡിയോകൾ പങ്കുവെച്ചാണ് യുവാവ് സമൂഹമാധ്യമങ്ങളിൽ പ്രശസ്‌നായത്. വെറും കൈകൾ കൊണ്ട് പാറക്കെട്ടുകളിൽ തൂങ്ങിക്കിടക്കുന്ന ഇയാളുടെ പ്രകടനങ്ങൾ പലപ്പോഴും വൈറലായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സാഹസിക കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ ശരിയായ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

  • Share This Article
Drisya TV | Malayalam News