ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസലർമാരും കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ വിസിമാർ പങ്കെടുത്ത വാർത്ത ചർച്ചയായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും നേരത്തെ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഡി സതീശൻ മറുപടിയുമായെത്തിയത്.
ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർഎസ്എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
ആരോഗ്യ , എംജി, മലയാളം സർവകലാശാലാ വിസിമാരാണ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത്. മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ വിസിമാർ പങ്കെടുത്തത് അത്യന്തം ഗൗരവത്തോടെയാണ് മതേതര കേരളം കാണുന്നതെന്നായിരുന്നു പിണറായി വിജയൻ്റെ പ്രതികരണം. സർവകലാശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അത്തരമൊരു ഘട്ടത്തിലാണ് കേരള, എംജി, മലയാളം സർവകലാശാലാ വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നതിൻ്റെ പ്രകടമായ ഉദാഹരണമാണിത്. ഇതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ല. യുഡിഎഫും സംസ്ഥാന ഭരണ നേതൃത്വവും ബിജെപിയെയും സംഘപരിവാറിനെയും എന്തുകൊണ്ടാണ് എതിർക്കാൻ മടിക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പ്രതികരിച്ചത്.