Drisya TV | Malayalam News

സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്ക് പുതിയ ട്രാഫിക് നിയമങ്ങളുമായി സൗദി

 Web Desk    14 Jun 2026

ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അനുസൃതമായി രാജ്യത്തെ ട്രാഫിക് നിയമങ്ങളിൽ സുപ്രധാന പരിഷ്കാരങ്ങളുമായി സൗദി അറേബ്യ. ഡ്രൈവറില്ലാതെ സ്വയം ഓടുന്ന വാഹനങ്ങളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത ഗതാഗത സംവിധാനങ്ങളും നിയന്ത്രിക്കുന്നതിനായി ട്രാഫിക് നിയമത്തിെൻറ നിർവഹണ ചട്ടങ്ങളിൽ പുതിയ ഭേദഗതികൾ വരുത്തി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് ഉത്തരവിറക്കി.

ഔദ്യോഗിക ഗസറ്റായ ‘ഉമ്മുൽ ഖുറാ’ പത്രത്തിൽ പ്രസിദ്ധീകരിച്ചതോടെ ഈ നിയമങ്ങൾ നിലവിൽ വന്നു. മനുഷ്യെൻറ ഇടപെടലില്ലാതെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ അപകടങ്ങൾ, നിയമലംഘനങ്ങൾ, മറ്റ് ട്രാഫിക് നടപടികൾ എന്നിവയിൽ ആർക്കൊക്കെയാണ് ഉത്തരവാദിത്തം എന്ന് കൃത്യമായി വേർതിരിക്കുന്നതാണ് പുതിയ നിയമം. സെൽഫ് ഡ്രൈവിങ് വാഹനത്തിെൻറ രജിസ്ട്രേഷൻ റദ്ദാക്കാൻ ഉടമ ആഗ്രഹിക്കുന്നുവെങ്കിൽ, ട്രാഫിക് വകുപ്പിൽ നിന്നും മറ്റ് ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങണം. വാഹനത്തിെൻറ സാങ്കേതിക-നിയമപരമായ വശങ്ങൾ വിലയിരുത്തിയ ശേഷമേ റെക്കോർഡുകളിൽ നിന്ന് ഇവ നീക്കം ചെയ്യൂ.

മറ്റൊരാൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകുന്ന പരമ്പരാഗത ട്രാഫിക് ഓതറൈസേഷൻ നിയമങ്ങൾ ഇത്തരം സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്ക് ബാധകമായിരിക്കില്ല. വാഹനത്തിൽ ഡ്രൈവർ ഉണ്ടെങ്കിൽ, ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ട പൂർണ ഉത്തരവാദിത്തം ആ ഡ്രൈവർക്കായിരിക്കും. എന്നാൽ, ഡ്രൈവറില്ലാതെ പൂർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനമാണെങ്കിൽ, നിയമലംഘനങ്ങൾക്കും അപകടങ്ങൾക്കും വാഹനത്തിെൻറ ഉടമസ്ഥനായിരിക്കും നേരിട്ട് ഉത്തരവാദി.റോഡ് അടയാളങ്ങൾ, സിഗ്നലുകൾ എന്നിവ പാലിക്കുക, എമർജൻസി-വി.ഐ.പി വാഹനങ്ങൾക്ക് മുൻഗണന നൽകുക എന്നിവയിൽ ഉടമകൾ ബാധ്യസ്ഥരാണ്. അപകടങ്ങളെ തീവ്രത അനുസരിച്ച് തരംതിരിക്കുന്ന നിയമങ്ങളും ഇവർക്ക് ബാധകമായിരിക്കും.

നിയമലംഘനങ്ങൾക്കുള്ള പിഴകൾ, ശിക്ഷകൾ, വാഹനം കണ്ടുകെട്ടൽ എന്നിവ സെൽഫ് ഡ്രൈവിങ് വാഹനങ്ങളുടെ ഡ്രൈവർമാർക്കും, ഡ്രൈവറില്ലാത്തവയുടെ കാര്യത്തിൽ ഉടമസ്ഥർക്കും ഒരുപോലെ ബാധകമായിരിക്കും. പൊതുജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണ് ഈ പരിഷ്കാരങ്ങളെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. എ.ഐ, കാമറകൾ, റഡാർ, ലിഡാർ തുടങ്ങിയ സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരം വാഹനങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, ഭാവിയിലെ സ്മാർട്ട് ഗതാഗത വിപ്ലവത്തെ സ്വീകരിക്കാൻ സൗദി അറേബ്യ പൂർണ സജ്ജമായിക്കഴിഞ്ഞു.

  • Share This Article
Drisya TV | Malayalam News