ഇറാനുമായുള്ള സമാധാന കരാര്‍ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ അന്തിമമായ ബദല്‍ മാര്‍ഗം തേടുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം, കരാര്‍ അന്തിമമായിട്ടില്ലെന്നാണ് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ നിലപാട്.
ഇന്ന് കരാര്‍ ഒപ്പുവയ്ക്കുന്നതോടെ ഹോര്‍മുസ് കടലിടുക്കും തുറക്കാനാകുമെന്നാണ് ട്രംപ് ഇന്ന് അറിയിച്ചത്. എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കരാറില്‍ ഒപ്പുവയ്ക്കാനില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ഇറാന്‍. ഇന്നാണ് കരാര്‍ ഒപ്പുവയ്ക്കുകയെന്ന് സിഎന്‍എന്‍ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ട്രംപ് അറിയിച്ചിരുന്നത്. എന്നാല്‍ തിയതിയെക്കുറിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അത് ഉറപ്പിക്കാനാകില്ലെന്നും പറയുന്നു ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ്.
നേതാക്കള്‍ നേരില്‍ക്കണ്ട് കരാര്‍ ഒപ്പ് വയ്ക്കുമോ അതോ ഓണ്‍ലൈനായി കരാര്‍ യാഥാര്‍ഥ്യമാക്കുമോ എന്നതിലൊന്നും ഇതുവരെ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല. കരാര്‍ യൂറോപ്പില്‍ വച്ചാകും ഒപ്പുവയ്ക്കുകയെന്നും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പങ്കെടുക്കുമെന്നുമാണ് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഒരേ സമയം വിദേശയാത്ര നടത്തുന്നില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിത്തിപുന്നത്. ട്രംപ് തിങ്കളാഴ്ച പുലര്‍ച്ചെ ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കായി പുറപ്പെടുകയും വാന്‍സിനെ യൂറോപ്പിലേക്ക് എത്തിക്കുകയും ട്രംപിന്റെ യാത്ര കഴിഞ്ഞ് കൃത്യസമയത്ത് തിരിച്ചെത്തുകയും ചെയ്യുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു. എന്തായാലും ഇന്ന് സുപ്രധാന തീരുമാനങ്ങളുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ലോകം.