Drisya TV | Malayalam News

ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തിന്റെ കരട് ഇരുരാജ്യങ്ങളും അംഗീകരിച്ചെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി

 Web Desk    13 Jun 2026

ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തിന്റെ കരട് ഇരുരാജ്യങ്ങളും അംഗീകരിച്ചെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അടുത്തഘട്ടം എന്താണെന്ന് ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മൂന്നുമാസത്തിലേറെയായി നീണ്ട യുദ്ധം ഉടൻ അവസാനിക്കുന്നുവെന്ന പ്രതീക്ഷ സജീവമായിട്ടുണ്ട്. കരാറിലേക്ക് യുഎസും ഇറാനും വളരെയധികം അടുത്തെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‍ചി നേരത്തെ വ്യക്തമാക്കിയിരുന്നു. കരാർ അന്തിമമാകുന്നതുവരെ ഉള്ളടക്കം സംബന്ധിച്ച ഊഹാപോഹങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിക്കരുതെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. കരാറിന്റെ വിശദാംശങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. കരാറിന്റെ എല്ലാ വിശദാംശങ്ങളും കൃത്യസമയത്ത് പൊതുജനങ്ങളുമായി പങ്കുവയ്ക്കുമെന്നും മന്ത്രി എക്സിൽ കുറിച്ചു. 

ഇറാന്റെ ആവശ്യങ്ങളിലേറെയും അംഗീകരിക്കുന്ന നിർദിഷ്ട യുഎസ്–ഇറാൻ ധാരണാപത്രത്തിലെ വ്യവസ്ഥകളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ധാരണാപത്രം ചോർന്നതിൽ ക്ഷുഭിതനായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ മാധ്യമങ്ങൾ ചോർത്തിയ വ്യവസ്ഥകളല്ല യുഎസ് അംഗീകരിച്ചതെന്നു വ്യക്തമാക്കി. പുറത്തുവന്ന ധാരണാപത്രം അന്തിമമല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയും പ്രസ്താവിച്ചു.

ധാരണാപത്രത്തിൽ ഇറാന് ഒട്ടേറെ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇറാന്റെ മരവിപ്പിച്ച ബാങ്ക് നിക്ഷേപങ്ങൾ വിട്ടുകൊടുക്കുന്നതടക്കം ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറ‍ഞ്ഞു. ധാരണാപത്രം ഏതാണ്ട് അന്തിമമായെന്നും നാളെ ജെ.ഡി.വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫും ഒപ്പിടുമെന്നുമാണ് ഇറാൻ, പാക്കിസ്ഥാൻ സ്രോതസ്സുകളെ ഉദ്ധരിച്ച് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജനീവയിലായിരിക്കും ചടങ്ങ്. ധാരണാപത്രത്തിൽ ഇസ്രയേൽ പങ്കാളിയല്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

 

പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ 2 മാസം മുൻപ് നടന്ന ആദ്യ മുഖാമുഖ ചർച്ചയിൽ ഇറാൻ വച്ച ശുപാർശകളാണ് ചില്ലറമാറ്റങ്ങളോടെ ഇപ്പോൾ യുഎസ് അംഗീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. നേരത്തേ ഈ ശുപാർശകൾ യുഎസ് തള്ളിയിരുന്നു. വിദേശബാങ്കുകളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ നിക്ഷേപങ്ങൾ വിട്ടുകൊടുക്കാനും ഇറാന്റെ എണ്ണവ്യാപാരത്തിനുമേലുള്ള ഉപരോധങ്ങൾ അവസാനിപ്പിക്കാനും യുഎസ് സമ്മതിച്ചെന്നാണു പുറത്തുവന്ന രേഖയിലുള്ളത്. ഇതിനു പകരമായി ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കും. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ചു തുടർചർച്ച നടത്തി 60 ദിവസത്തിനകം അന്തിമധാരണയിലെത്തും അണ്വായുധം ഉണ്ടാക്കില്ലെന്നും ‌ഇറാൻ ഉറപ്പുനൽകുന്നു. അതേസമയം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുത്തു നശിപ്പിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം ധാരണാപത്രത്തിലെങ്ങും പരാമർശിക്കുന്നില്ലെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായി ധാരണയായതിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ രാത്രി നടത്താനിരുന്ന ആക്രമണം ഉപേക്ഷിച്ചതെന്നു വ്യാഴാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു.

  • Share This Article
Drisya TV | Malayalam News