യുഡിഎഫ് സർക്കാരിന്റെ അഭിമാനപദ്ധതിയായ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കു തുടക്കമായി. പദ്ധതി സ്ത്രീകൾക്കുള്ള ഔദാര്യമല്ലെന്നും ആദരവാണെന്നും നിറകണ്ണുകളോടെയാണ് ചരിത്രപദ്ധതിക്കു തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. തമ്പാനൂർ ടെർമിനലിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഗതാഗത മന്ത്രി സി.പി.ജോൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രണ്ടു പേർക്കു മുഖ്യമന്ത്രി തന്നെയാണ് സൗജന്യയാത്രയുടെ ആദ്യടിക്കറ്റുകൾ കൈമാറിയത്. തുടർന്ന് തമ്പാനൂരിൽ നിന്നുള്ള ആദ്യയാത്രയിൽ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പങ്കെടുത്തു. കെഎസ്ആർടിസിയിൽ പിഎസ് സി വഴി നിയമനം ലഭിച്ച ആദ്യ വനിതാ ഡ്രൈവർ ആയ പെരുമ്പാവൂർ ഡിപ്പോയിലെ വി.പി.ഷീലയാണ് ആദ്യയാത്രയിൽ സാരഥിയായത്. ജയകുമാരി ആയിരുന്നു കണ്ടക്ടർ.
ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണു പദ്ധതി നടപ്പാക്കുക. ഓർഡിനറി നിരക്കുള്ള സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ(ടിടി) ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ലഭിക്കും.