Drisya TV | Malayalam News

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവിസുകൾക്ക് തുടക്കം

 Web Desk    15 Jun 2026

ഉത്തർപ്രദേശിലെ ജേവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കൊമേഴ്സ്യൽ വിമാന സർവിസുകൾക്ക് തുടക്കം. ലഖ്‌നോവിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനമായിരുന്നു ആദ്യ സർവീസ്. രാവിലെ 8.05ന് ലഖ്നോവിലെ ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനം നോയിഡ വിമാനത്താവളത്തിൽ ഇറങ്ങി. ​ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതികളിലൊന്നായ ജേവാർ വിമാനത്താവളം പ്രവർത്തനക്ഷമമായി.

ആദ്യഘട്ടത്തിൽ വർഷംതോറും ഏകദേശം 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയോടെയാണ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഭാവിയിൽ ഇത് വികസിപ്പിച്ച് വർഷത്തിൽ 22.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്.

നോയിഡ വിമാനത്താവളത്തിൽനിന്നുള്ള ആദ്യ സർവീസിന്റെ ഭാഗമായി ജേവാർ മേഖലയിലെ ഭൂമി വിമാനത്താവളത്തിനായി വിട്ടുനൽകിയ 170 കർഷകരും യാത്രക്കാരായി പങ്കെടുത്തു. ജേവാർ എം.എൽ.എ ധീരേന്ദ്ര സിങ്ങിനൊപ്പം ലഖ്നോവിൽ എത്തിയ കർഷകർ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും. പ്രദേശത്തിന്റെ വികസനത്തിൽ പങ്കുവഹിച്ച കർഷകരെ ആദരിക്കുന്നതിനായാണ് ഈ നടപടി. നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാന സർവിസുകൾ ലഖ്നോ, ബംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും.

  • Share This Article
Drisya TV | Malayalam News