ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗല്ലെ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഏഴാം തീയതി പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്.അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശവും സന്ദർശിച്ചു. രോഗവ്യാപനം തടയാനുള്ള നിർദേശങ്ങളും സംഘം നൽകി.
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ രോഗപ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും നേരിട്ടുള്ള ബോധവത്കരണ പ്രവർത്തനങ്ങളും പ്രദേശത്ത് പുരോഗമിക്കുകയാണ്. കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിന് പ്രത്യേക ക്ലോറിനേഷൻ ഡ്രൈവ് നടക്കുന്നു.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം ) ഡോ. കെ.ടി. രേഖ അഭ്യർഥിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.