ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് ആശ്വാസമായി നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. നിലവിൽ 20 വർഷമായി നിജപ്പെടുത്തിയിരിക്കുന്ന ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി, ലൈസൻസ് ഉടമക്ക് 50 വയസ്സ് തികയുന്നത് വരെയാക്കി ഉയർത്താനാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ആലോചിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ ലൈസൻസ് പുതുക്കുന്നതിനായി ഇടയ്ക്കിടെ ആർ.ടി.ഒ ഓഫീസുകളിൽ കയറിയിറങ്ങുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കും.
നിലവിലെ നിയമപ്രകാരം, ഡ്രൈവിങ് ലൈസൻസിന് 20 വർഷമാണ് കാലാവധി. ഈ കാലാവധി പൂർത്തിയായാൽ ഉടമകൾ ലൈസൻസ് പുതുക്കുന്നതിനായി അപേക്ഷിക്കുകയും, ചില സാഹചര്യങ്ങളിൽ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ സമർപ്പിക്കുകയും വേണം. എന്നാൽ പുതിയ നിർദേശം നടപ്പിലായാൽ, ലൈസൻസ് ലഭിച്ച ശേഷം 50 വയസ്സ് വരെ അത് സാധുവായിരിക്കും. പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു മാറ്റം പരിഗണിക്കുന്നത്.
ലൈസൻസ് കാലാവധി നീട്ടുന്നതിനൊപ്പം തന്നെ, വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും, പെർമിറ്റ് പുതുക്കുന്നതിനുമുള്ള നടപടികൾ പൂർണ്ണമായും ഓൺലൈനാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.