Drisya TV | Malayalam News

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം നേടുമെന്ന് ട്രംപ്

 Web Desk    9 Jun 2026

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം നേടുമെന്ന് ട്രംപ്. ആണവകരാർ യാഥാർഥ്യമാകും എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടെലിറാലിയിലായിരുന്നു ട്രംപിന്റെ പ്രസ്താവന.

'ഞങ്ങൾ ഇപ്പോൾ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു നല്ല കരാർ ഉണ്ടാക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ എല്ലാം നൽകാൻ തയ്യാറാണ്, എന്നാൽ ആണവായുധം നൽകില്ലെന്നും ട്രംപ് പറഞ്ഞു. ഈ പോരാട്ടത്തിൽ ഞങ്ങൾ വിജയിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ വിജയം പ്രഖ്യാപിക്കും. അത് ഒരു പരിപൂർണ്ണമായ വിജയമായിരിക്കും. വളരെ പെട്ടെന്നായിരിക്കും അത് സംഭവിക്കുക. അങ്ങനെയെങ്കിൽ എണ്ണ വില കുത്തനെ താഴേക്ക് വരുമെന്നും ട്രംപ് വിശദമാക്കി.

ഇറാനുമേലുള്ള ആക്രമണം അവസാനിപ്പിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ കരാറിനെ കുറിച്ച് അദ്ദേഹം ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. ഇറാനും ഇസ്രായേലിനെതിരായ ആക്രമണങ്ങൾ നിർത്തിവെച്ചെങ്കിലും തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News