ഗ്രേറ്റ് നിക്കോബാറിലെ 81,000 കോടി രൂപയുടെ ബൃഹദ് പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ തർക്കം മുറുകുന്നതിനിടെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള ഐ.എൻ.എസ്. ബാസ് (INS Baaz) നാവിക വിമാനത്താവളം വികസിപ്പിക്കുന്നതിന് പകരം, 13,000 കോടി രൂപ ചെലവിൽ പുതിയ ഗ്രീൻഫീൽഡ് സിവിൽ-മിലിട്ടറി വിമാനത്താവളം നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. ഗലാത്തിയ ബേയ്ക്ക് സമീപമുള്ള ചിങ്കനിലാണ് സൈനിക-സിവിലിയൻ ആവശ്യങ്ങൾക്കായുള്ള ഈ സംയുക്ത വിമാനത്താവളം സ്ഥാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ വിമാനത്താവളം വരുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയായ മലാക്ക കടലിടുക്കിനോട് ചേർന്നാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എന്നത് ഇതിൻ്റെ തന്ത്രപരമായ പ്രാധാന്യം വർധിപ്പിക്കുന്നു. സൈനിക ആവശ്യങ്ങൾക്കും സിവിലിയൻ വിമാനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ വിമാനത്താവളം, മേഖലയിൽ ഇന്ത്യയുടെ നിരീക്ഷണ സംവിധാനങ്ങളും പ്രതിരോധ ശേഷിയും ശക്തമാക്കാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. അഞ്ചുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന വിമാനത്താവളം നാവികസേനയുടെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക.
കാംബെൽ ബേയിലുള്ള ഐ.എൻ.എസ്. ബാസിലെ നിലവിലെ 4,500 അടി റൺവേ 10,000 അടിയായി നീട്ടുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് പുതിയ വിമാനത്താവളം എന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഭൂപ്രകൃതിയിലെ വെല്ലുവിളികളും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടുന്നതിലെ ബുദ്ധിമുട്ടുകളും കാരണം ഐ.എൻ.എസ്. ബാസിന്റെ വികസനം ദുഷ്കരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, നിലവിലെ വിമാനത്താവളം വികസിപ്പിക്കുന്നത് തദ്ദേശവാസികളുടെ ആവാസ കേന്ദ്രങ്ങൾക്കും വനത്തിനും വന്യജീവികൾക്കും പുതിയ പദ്ധതിയെക്കാൾ കൂടുതൽ ആഘാതം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.