Drisya TV | Malayalam News

വിവാഹത്തിൽ കലാശിക്കാത്ത ബന്ധങ്ങളെ വഞ്ചനയായി കാണാനാകില്ല- സുപ്രീം കോടതി 

 Web Desk    9 Jun 2026

വിവാഹത്തിന് മുൻപുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ഒരാളുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള അടിസ്ഥാനമല്ലെന്ന് സുപ്രീം കോടതി. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ പുലർത്തുന്ന ബന്ധം തകരുന്ന സാഹചര്യത്തിൽ അതിനെ വഞ്ചനയായി കണക്കാക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഒരു പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട തർക്കത്തിൽ പുറപ്പെടുവിച്ച വിധിയിലാണ് വ്യക്തിസ്വാതന്ത്ര്യത്തിലും സാമൂഹിക യാഥാർത്ഥ്യങ്ങളിലും വലിയ സ്വാധീനം ചെലുത്താൻ പോന്ന ഈ നിർണ്ണായക നിരീക്ഷണങ്ങൾ സുപ്രീം കോടതി നടത്തിയത്.

വിവാഹപൂർവ്വ ബന്ധങ്ങൾ ഇപ്പോഴും സാമൂഹികമായ വിലക്കുകൾക്കും മാറ്റിനിർത്തലുകൾക്കും കാരണമാവുകയും പലപ്പോഴും അവ കോടതിമുറികളിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന്റെ പേരിൽ മാത്രം ഒരാളുടെ സ്വഭാവത്തെക്കുറിച്ച് മോശം ധാരണകൾ ഉണ്ടാക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ബന്ധങ്ങൾ തകരുമ്പോഴേക്കും അത് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യമാണെന്ന് അനുമാനിക്കുന്ന പ്രവണതയെയും കോടതി ശക്തമായി വിലക്കി.

പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ആ ബന്ധത്തിലുള്ള വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു ദോഷകരമായ ധാരണ ഉണ്ടാക്കുന്നതിനുള്ള അടിസ്ഥാനമാകരുത്, ആകാനും പാടില്ല. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ അവരുടെ ഇഷ്ടപ്രകാരം ഒരു ബന്ധം പുലർത്തുന്നതിനെ വിലക്കുന്ന യാതൊരു നിയമവും രാജ്യത്തില്ല, ജസ്റ്റിസുമാരായ മൻമോഹൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.

പത്തുവർഷത്തിലേറെ മുൻപ് അയൽവാസിയായ ഒരു യുവതിയുമായുണ്ടായ ബന്ധത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട ക്രിമിനൽ കേസ് ചൂണ്ടിക്കാട്ടി ജോലി നിഷേധിക്കപ്പെട്ട തെലങ്കാനയിലെ പോലീസ് കോൺസ്റ്റബിൾ ഉദ്യോഗാർത്ഥി ഗജുല തിരുപ്പതിയുടെ ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. എല്ലാ ബന്ധങ്ങളും വിവാഹത്തിൽ കലാശിക്കണമെന്നില്ല. അതുകൊണ്ട്, ഒരു ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല എന്നതുകൊണ്ട് മാത്രം ഒരു കക്ഷി മറ്റേ കക്ഷിയെ ചതിച്ചതായി വിശ്വസിക്കാൻ യാതൊരു അടിസ്ഥാനവുമില്ല," കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News