Drisya TV | Malayalam News

ഹോർമുസ് തുറക്കാൻ കപ്പൽപ്പട ഒരുക്കി ബ്രിട്ടനും ഫ്രാൻസും

 Web Desk    17 May 2026

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബ്രിട്ടന്റെ നേതൃത്വത്തിൽ ബഹുരാഷ്ട്ര സൈനിക ദൗത്യം ആരംഭിക്കുന്നു. ഇറാൻ ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് ആഗോള ഊർജ വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് ബ്രിട്ടനും ഫ്രാൻസും ചേർന്ന് ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടിരിക്കുന്നത്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായി കഴിഞ്ഞ മാർച്ചിലാണ് ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയത്. ആഗോളതലത്തിൽ വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാത അടഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ആഗോള വിതരണ ശൃംഖല താറുമാറാകുകയും ചെയ്തിരുന്നു. നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് ബ്രിട്ടൻ.

ബ്രിട്ടീഷ് റോയൽ നേവിയുടെ അത്യാധുനിക യുദ്ധക്കപ്പലായ എച്ച്എംഎസ് ഡ്രാഗൺ ഇതിനകം തന്നെ മേഖലയിലേക്ക് തിരിച്ചു കഴിഞ്ഞു. കടലിലെ മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള ഡ്രോണുകൾ, ശത്രു ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ആധുനിക സംവിധാനങ്ങൾ, ടൈഫൂൺ യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള സന്നാഹങ്ങളാണ് ബ്രിട്ടൻ സജമാക്കിയിരിക്കുന്നത്. ഫ്രാൻസിന്റെ ആണവോർജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനിക്കപ്പലായ ചാൾസ് ഡി ഗല്ലെയും ഈ ദൗത്യത്തിന്റെ ഭാഗമാകും. ജർമനി, ഇറ്റലി, കാനഡ, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള 40ലധികം രാജ്യങ്ങളുടെ പിന്തുണ ഈ നീക്കത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഈ നീക്കത്തിനെതിരെ ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെത്തുന്ന ഏതൊരു വിദേശ യുദ്ധക്കപ്പലിനും ഉടനടി ശക്തമായ മറുപടി നൽകുമെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി പ്രസ്താവിച്ചു. മേഖലയിൽ ഇറാൻ വിന്യസിച്ചിരിക്കുന്ന ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, പീരങ്കിപ്പട എന്നിവ അന്താരാഷ്ട്ര സൈനിക സംഘത്തിന് വലിയ വെല്ലുവിളിയാകുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

സായുധ പോരാട്ടങ്ങൾ പൂർണമായും അവസാനിച്ച ശേഷം മാത്രമേ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള പ്രധാന നടപടികൾ ആരംഭിക്കൂ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കടൽപ്പാതയിലെ മൈനുകൾ നീക്കം ചെയ്യുക, ചരക്ക് കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുക, ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്ന ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണുക എന്നിവയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

  • Share This Article
Drisya TV | Malayalam News