Drisya TV | Malayalam News

ചെറുവണ്ണൂരിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ ബന്ധുക്കൾക്ക് സംശയം

 Web Desk    17 May 2026

ചെറുവണ്ണൂർ കക്കറമുക്കിൽ തീപിടിച്ച കാറിന്റെ ഉള്ളിൽ കുടുങ്ങി ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ കാറിനു തീപിടിച്ച് പാലേരി കല്ലിക്കണ്ടി സോനയാണ്(27) മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആസൂത്രിത കൊലപാതകമെന്നു കരുതുന്നതിനാൽ പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും സോനയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം, കാറിൽനിന്നെടുത്ത സാംപിളുകളുടെ ഫൊറൻസിക് ഫലം വന്നാൽ മാത്രമേ കൃത്യമായ നിഗമനം നടത്താനാകുകയുള്ളുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കി.

അപകടകാരണം ഷോർട്ട് സർക്കീറ്റ് കാരണം അല്ലെന്നാണ് ശനിയാഴ്ച ജില്ലാ ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ. കാറിനുള്ളിലെ വയറിങ്ങിനും ഇന്ധന ടാങ്കിനും എസി സംവിധാനത്തിലും മുൻഭാഗത്തെ റേഡിയേറ്റർ ഭാഗത്തും തകരാറുകളില്ലെന്നാണ് മോട്ടർ വാഹന വകുപ്പും ഫൊറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്. പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ ബോണറ്റിലേക്കു തീപടർന്നില്ല. ഇതാണ് തീ എങ്ങനെ ഉണ്ടായെന്നതിനെക്കുറിച്ചു സംശയം ഉയർത്തുന്നത്. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി ഫൊറൻസിക് സംഘം കൊണ്ടുപോയി. ഇതിന്റെ പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് മേപ്പയ്യൂർ പൊലീസ് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News