ആഗോളതലത്തിലും ഇന്ത്യയിലും ഇറാൻ-യുഎസ് സംഘർഷത്തിന്റെയും ഹോർമുസ് പ്രതിസന്ധിയുടെയും ആഘാതം ആഞ്ഞടിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്ന വിലയിരുത്തലുണ്ട്. പ്രതിസന്ധിയുടെ ആഴം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ എന്ന് ചില നിരീക്ഷകർ പറയുന്നു. ഹോർമുസ് ഇന്ന് തുറന്നാലും കപ്പൽ ഗതാഗതവും ചരക്കുനീക്കവും സാധാരണ നിലയിലെത്താൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരും.
ഹോർമുസിലെ തടസ്സംമൂലം ഇന്ത്യയിൽ എൽപിജി വിതരണം താറുമാറായിരുന്നു. വിലയും കുത്തനെ കൂടി. യുദ്ധത്തെ തുടർന്ന് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ എൽപിജി ലഭ്യതയിൽ ഇന്ത്യ നേരിട്ടത് പ്രതിദിനം 43,000 ബാരലിന്റെ നഷ്ടമാണെന്നും കണക്കുകൾ പറയുന്നു. പെട്രോൾ, ഡീസൽ വില വർധന സൃഷ്ടിച്ചേക്കാവുന്ന പണപ്പെരുപ്പ ആഘാതം പ്രവചിക്കപ്പെട്ടുകഴിഞ്ഞു. നിലവിൽ റിസർവ് ബാങ്കിന്റെ ‘ലക്ഷ്മണരേഖ’യായ 4 ശതമാനത്തിന് താഴെയാണ് പണപ്പെരുപ്പം. ഇതു വരുംമാസങ്ങളിൽ 5-6 ശതമാനത്തിലേക്ക് ഉയരാം. പണപ്പെരുപ്പം പരിധവിട്ടാൽ അടിസ്ഥാന പലിശനിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് നിർബന്ധിതരാകും. വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഇറാനും യുഎസും.
ഇന്ത്യയ്ക്ക് ആശ്വാസവുമായി ഹോർമുസ് കടന്ന് ഇറാഖി എണ്ണയുമായി വമ്പൻ കപ്പൽ വരുന്നു. ഷിപ്പ് ട്രാക്കിങ് സംവിധാനങ്ങൾ നൽകിയ സൂചനപ്രകാരം നേരത്തേ ഫുജൈറയിൽ ആയിരുന്ന ‘കാറോലോസ്’ എന്ന ടാങ്കറാണ് പിന്നീട് ഇറാഖി എണ്ണനിറയ്ക്കുകയും ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തത്.
അതേസമയം, ഇറാഖിൽ നിന്ന് വിയറ്റ്നാമിലേക്ക് എണ്ണയുമായി പോവുകയായിരുന്ന അജിയോസ് ഫനോറിയസ്-1 എന്ന കപ്പൽ ഹോർമുസ് കടക്കാനാവാതെ കിടക്കുകയാണ്. യുഎസ് സെൻട്രൽ കമാൻഡിന്റെ റിപ്പോർട്ടുപ്രകാരം ഇറാനിലേക്കും തിരിച്ചുമുള്ള 75 കപ്പലുകളെ ഇതിനകം ഹോർമുസിൽ യുഎസ് സൈന്യം തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ട്.