Drisya TV | Malayalam News

ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു

 Web Desk    31 Mar 2026

ലോകായുക്തയുടെ അധികാരപരിധി വെട്ടിക്കുറച്ചുള്ള സംസ്ഥാന സർക്കാരിന്‍റെ നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കം നൽകിയ ഹർജികൾ തള്ളിയ ഹൈക്കോടതി ഭേദഗതിയിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചു. ലോകായുക്ത ശുപാർശ സമർപ്പിച്ച് മൂന്നു മാസത്തിനകം നിയമസഭാ തീരുമാനമെടുത്തില്ലെങ്കിൽ റിപ്പോർട്ട് അംഗീകരിച്ചതായി കണക്കാക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകരെ സ്ഥാനത്തുനിന്ന് നീക്കാനുള്ള ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച രണ്ടാം പിണറായി സർക്കാർ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 

ഭേദഗതി രാഷ്ട്രപതി അംഗീകരിച്ച് നിയമമായതിന് പിന്നാലെ ഹൈക്കോടതിയും ഇക്കാര്യം ശരിവെച്ചത് സംസ്ഥാന സർക്കാരിനും ആശ്വാസമായി.ഭരണഘടന ഭേദഗതി അംഗീകരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, ലോകായുക്ത ശുപാർശ സമർപ്പിച്ച് മൂന്നു മാസത്തിനകം നിയമസഭാ തീരുമാനമെടുത്തില്ലെങ്കിൽ റിപ്പോർട്ട് അംഗീകരിച്ചതായി കണക്കാക്കാമെന്നും കോടതി ഉത്തരവിട്ടു. ഭേദഗതി ജുഡീഷ്യൽ അധികാരങ്ങൾക്കുമേലുള്ള കടന്നുകയറ്റം ആണെന്നും ഇത് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

പൊതുപ്രവർത്തകർ അഴിമതി നടത്തിയാൽ ശക്തമായ നടപടിക്ക് ശുപാർശ ചെയ്യുന്ന ലോകായുക്ത സംവിധാനത്തിന് ആദ്യകാലങ്ങളിൽ ഇടതുമുന്നണിയും കൈയ്യടിച്ചതാണ്. എന്നാൽ, ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് ലോകായുക്ത ഉത്തരവിന് പിന്നാലെ രാജി വെയ്ക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ചും ലോകായുക്ത ഇടപെട്ട് തുടങ്ങിയതോടെയാണ് സർക്കാർ ലോകായുക്തയിൽ മലക്കം മറിഞ്ഞത്. ലോകായുക്തയുടെ തീരുമാനങ്ങളെ പുന:പരിശോധിച്ച് അന്തിമ തീരുമാനം എടുക്കാൻ നിയമസഭയ്ക്കുംമുഖ്യമന്ത്രിക്കും സ്പീക്കറിനും അന്തിമ അവകാശം നൽകുന്നതാണ് പുതിയ ഭേദഗതി. പതിനാലാം വകുപ്പിന്‍റെ ഭേദഗതിയിലൂടെ ലോകായുക്തയുടെ അധികാരം കേവലം ശുപാർശ നൽകുന്ന സംവിധാനമായി മാറിയെന്നാണ് ഉയരുന്ന പ്രധാന വിമർശനം. എന്നാൽ, ലോകായുക്ത ജുഡീഷ്യൽ സംവിധാനം അല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

  • Share This Article
Drisya TV | Malayalam News