Drisya TV | Malayalam News

അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ പുതിയ കോവിഡ് വ്യാപനം

 Web Desk    31 Mar 2026

അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു. സികാഡ എന്നു വിളിക്കുന്ന BA.3.2 ആണ് നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഒമിക്രോൺ ഉപവിഭാഗമായ BA.3.2 വേഗത്തിൽ പടരുന്നതും പ്രതിരോധസംവിധാനത്തെ എളുപ്പത്തിൽ മറികടക്കുന്നതുമാണെന്ന് വിദഗ്ധർ പറയുന്നു. നിരവധി വ്യതിയാനങ്ങൾ സംഭവിച്ച വകഭേദമാണെങ്കിലും മരണകാരണമായേക്കാവുന്ന വിധം മാരകമല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.

അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലുമായി ഇരുപതിലേറെ രാജ്യങ്ങളിൽ രോഗവ്യാപനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒമിക്രോൺ വകഭേദത്തിന് സമാനമായ ലക്ഷണങ്ങളാണ് സികാഡയിലും പ്രകടമാകുന്നത്. പനി, ക്ഷീണം, തൊണ്ടവേദന, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയാണവ. ചിലരിൽ തലവേദന, ശരീരവേദന, നേരിയ ശ്വാസതടസ്സം തുടങ്ങിയവയും കണ്ടുവരുന്നുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലും പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കുന്നുണ്ട്. രോഗവ്യാപനം കൂടുതലാണെങ്കിലും മിക്കവരിലും ഗുരുതരമാവാതെ വന്നുപോവുകയും വാക്സിനേഷൻ സ്വീകരിച്ചവരിൽ സാധാരണ പനിപോലെ വന്നുപോകുന്ന വകഭേദമാണ് ഇതെന്നും വിദഗ്ധർ പറയുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News