ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാർഥിനിയുടെ താടിയെല്ലിന് ഗുരുതര പരുക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരുക്കേറ്റത്. തിങ്കൾ രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയായിരുന്നു കല്ലേറ്. രാത്രി പത്തുമണിയോടെ ട്രെയിൻ ഫറോക്കിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ജനലരികിലെ സീറ്റിലിരിക്കുകയായിരുന്ന ഐശ്വര്യയുടെ താടിയെല്ലിനും പല്ലിനും പരുക്കേറ്റു. തുടർന്ന് ട്രെയിൻ കോഴിക്കോട് എത്തിയതോടെ റെയിൽവെ പൊലീസ് കുട്ടിയെ സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റി.
ആലുവ യുസി കോളജിലെ ബിരുദ വിദ്യാർഥിനിയായ ഐശ്വര്യ പരീക്ഷ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. സർജറി വേണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. സംഭവത്തിൽ റെയിൽവെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുൻപ് ഇതേ സ്‌ഥലത്ത് വച്ചുതന്നെ വന്ദേഭാരത് ട്രെയിനിന് നെരെയും കല്ലേറ് ഉണ്ടായിരുന്നു.