Drisya TV | Malayalam News

ഭാവിയിലെ യുദ്ധങ്ങളിൽ നിർമിതബുദ്ധി (എഐ) നിർണായക പങ്ക് വഹിക്കുമെന്ന് പെന്റഗണിന്റെ ചീഫ് ടെക്‌നിക്കൽ ഓഫീസർ എമിൽ മൈക്കിൾ

 Web Desk    9 Mar 2026

ഭാവിയിലെ യുദ്ധങ്ങളിൽ നിർമിതബുദ്ധി (എഐ) നിർണായക പങ്ക് വഹിക്കുമെന്ന് പെന്റഗണിന്റെ ചീഫ് ടെക്‌നിക്കൽ ഓഫീസർ എമിൽ മൈക്കിൾ. യുഎസ് സൈന്യം നിരവധി മേഖലകളിൽ എഐ വൻതോതിൽ പരീക്ഷിച്ച് വരികയാണെന്ന് ഒരു പോഡ്കാസ്റ്റിൽ അദ്ദേഹം പറഞ്ഞു. ഇവയിൽ സ്വയംനിയന്ത്രിത ഡ്രോൺ കൂട്ടങ്ങൾ, വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ, ഓട്ടോമേറ്റഡ് പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. മറ്റുരാജ്യങ്ങൾ സൈനിക മേഖലയിൽ എഐ സംയോജിപ്പിക്കാൻ വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനാൽ ഇത്തരം സംവിധാനങ്ങൾ വളരെ പ്രധാനമാണെന്ന് പെന്റഗൺ വിശ്വസിക്കുന്നവെന്നും അദ്ദേഹം വെളിപ്പെടുത്തി.

നൂതന മിസൈൽ ഭീഷണികൾക്കെതിരെ ബഹിരാകാശ പ്രതിരോധ സംവിധാനങ്ങൾ തീർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗോൾഡൻ ഡോം പദ്ധതിയിലും എഐയുടെ സാധ്യത വളരെ വലുതാണെന്ന് മൈക്കിൾ ചൂണ്ടിക്കാട്ടി. ഹൈപ്പർസോണിക് മിസൈൽ ആക്രമണം ഉണ്ടായാൽ പ്രതികരിക്കാൻ യുഎസിന് 90 സെക്കൻഡിൽ താഴെ സമയം മാത്രമേ ലഭിക്കൂ. അത്തരം സന്ദർഭങ്ങളിൽ വേഗത്തിലുള്ള തീരുമാനമെടുക്കലിൽ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ അത്യാവശ്യമാണ്.

എഐ ടൂളായ ക്ലോഡിന്റെ ഉപയോഗിക്കുന്നതിന് യു.എസ് സൈന്യത്തിനുള്ള നിയന്ത്രണങ്ങൾ നീക്കാൻ തയ്യാറാകാതിരുന്ന ആന്ത്രോപ്പിക്കിനെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. സ്വയം നിയന്ത്രിത പ്രതിരോധ സംവിധാനങ്ങളെ പിന്തുണയ്ക്കാൻ തയ്യാറുള്ള ടെക്നോളജി കമ്പനികളെ സൈന്യത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രതിരോധ വകുപ്പ് ആന്ത്രോപ്പിക്കിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പരാമർശം. സൈന്യത്തിന് ഭാവിയിലെ പദ്ധതികളിൽ വിശ്വസ്ത‌രായ ടെക്നോളജി പങ്കാളികൾ ആവശ്യമാണ്. സ്വയംനിയന്ത്രിത സംവിധാനങ്ങളെയടക്കം പിന്തുണയ്ക്കുന്ന പങ്കാളികളെയാണ് പെന്റഗണിന് വേണ്ടത്. ആന്ത്രോപിക് ചെയ്തതുപോലെ എഐ സംവിധാനങ്ങൾക്കടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സൈന്യത്തിന് നൂതന സാങ്കേതികവിദ്യകളുടെ രംഗത്ത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എമിൽ മൈക്കിൾ കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News