ഇന്ത്യയിൽ കുറഞ്ഞുവരുന്ന കഴുതകളുടെ എണ്ണം പുനരുജ്ജീവിപ്പിക്കുന്നതിനും കന്നുകാലി ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പദ്ധതികൾ ആവിഷ്കരിച്ച് കേന്ദ്ര സർക്കാർ. കഴുതകളുടെയും കുതിരകളുടെയും ഒട്ടകങ്ങളുടെയും എണ്ണത്തിൽ രാജ്യത്ത് അടുത്ത കാലത്തായി വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇത് പരിഹരിക്കുന്നതിനായി കഴുതകളെ വളർത്തുന്നതിന് വ്യക്തികൾക്ക് 50 ലക്ഷം രൂപവരെയും അവയുടെ ബ്രീഡിംഗ് ഫാമുകളോ ബീജ കേന്ദ്രങ്ങളോ നിർമ്മിക്കുന്നതിന് സംസ്ഥാനത്തിന് 10 കോടി രൂപ വരെയും സഹായം അനുവദിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ അനുസരിച്ച്, മൊത്തം പദ്ധതി ചെലവിന്റെ അമ്പത് ശതമാനമായി പരമാവധി 50 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. വ്യക്തികൾ, കർഷക ഉൽപ്പാദക സംഘടനകൾ (FPO-കൾ), സ്വയം സഹായ സംഘങ്ങൾ (SHG-കൾ), സംയുക്ത ബാധ്യതാ ഗ്രൂപ്പുകൾ (JLG-കൾ), സഹകരണ സ്ഥാപനങ്ങൾ, സെക്ഷൻ 8 കമ്പനികൾ എന്നിവർക്കെല്ലാം ഈ പദ്ധതി പ്രകാരം അപേക്ഷിക്കാം.
ഒരു കഴുത പ്രജനന യൂണിറ്റിന് യോഗ്യത നേടുന്നതിന്, പദ്ധതിയിൽ കുറഞ്ഞത് 50 പെൺ കഴുതകളെയും അഞ്ച് ആൺ കഴുതകളെയും ഉൾപ്പെടുത്തണം.
പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് nlm.udyamimitra.in -ലാണ് ഇതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതിക്കുള്ള വായ്പ്‌പ, ബാങ്ക് അംഗീകരിച്ചതിനുശേഷം ആദ്യ ഗഡു നൽകും. സർക്കാർ നിർദേശിക്കുന്ന പ്ലാനും യൂണിറ്റ് വലുപ്പവും പാലിക്കേണ്ടതുണ്ട്. ഫാം പൂർത്തിയാക്കി അധികൃതർ പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാൽ രണ്ടാം ഗഡു അനുവദിക്കും.