Drisya TV | Malayalam News

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില് എയര്‍ബസ് ടെക്‌നോളജി സെന്റര്‍

 Web Desk    9 Mar 2026

എയർബസ് വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും ഉപയോഗിക്കുന്ന പ്രധാന സാങ്കേതികവിദ്യകൾ ബെംഗളൂരുവിലെ എഞ്ചിനീയർമാർ ഇനി രൂപകൽപന ചെയ്യും. ആഗോള വിമാനനിർമ്മാണ കമ്പനി, നഗരത്തിൽ, ടെക്നോളജി സെന്റർ തുറന്നതോടെയാണിത്.8,80,000 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള, 5000 ത്തോളം ജീവനക്കാരെ ഉൾക്കൊള്ളുന്ന സൗകര്യം, എഞ്ചിനീയറിംഗ്, ഡിജിറ്റൽ പരിവർത്തനം, ഉപഭോക്തൃ സേവനങ്ങൾ, സംഭരണം എന്നിവ നിർവഹിക്കും.

ഉദ്ഘാടനച്ചടങ്ങിൽ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കർണാടക വ്യവസായ, അടിസ്ഥാന സൗകര്യ മന്ത്രി എം ബി പാട്ടീലും പങ്കെടുത്തു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡു പരിപാടിയിൽ വെർച്വലായി പങ്കെടുത്തു.

യൂറോപ്പിന് പുറത്തുള്ള ഏറ്റവും വലിയ എഞ്ചിനീയറിംഗ്, ഡിജിറ്റൽ കേന്ദ്രമാണ് ബെംഗളൂരു കാമ്പസ് എന്ന് കമ്പനി അറിയിക്കുന്നു.എഞ്ചിനീയറിംഗ്, ഉപഭോക്ത്യ സേവനങ്ങൾ, സംഭരണം എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന കേന്ദ്രമാകും ഇത്. എഞ്ചിനീയർമാർ പ്രധാന സാങ്കേതിക വിദ്യകൾ രൂപകൽപന ചെയ്യുമ്പോൾ ഇന്ത്യയിലും വിദേശത്തുമുള്ള ഉപഭോക്താക്കളെ കസ്റ്റമർ സർവീസ് സെന്റർ പിന്തുണയ്ക്കും.

ലോകമെങ്ങുമുള്ള ഉപഭോക്താക്കൾക്ക് സാങ്കേതിക സഹായവും ഓരോ എയർലൈനിൻ്റെയും ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌ത പ്രത്യേക പിന്തുണ പാക്കേജുകളും സെൻ്റർ നൽകും.വിമാനങ്ങൾ സുഗമമായി പറക്കുന്നുവെന്ന് ഉറപ്പാക്കുന്ന 'ഫ്ലൈറ്റ് മണിക്കൂർ സേവനങ്ങളാ' ണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിൽ നിന്നുള്ള സോഴ്‌സിംഗ് സമീപ വർഷങ്ങളിൽ കുത്തനെ ഉയർന്നതായി എയർബസ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News