Drisya TV | Malayalam News

ഇന്ത്യൻ രൂപ സർവകാല താഴ്ചയിലേക്ക്

 Web Desk    9 Mar 2026

യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ​. പശ്ചിമേഷ്യൻ സംഘർഷവും യുദ്ധവും കാരണമാണ് ഒന്നര മാസത്തിനിടെ രൂപയുടെ മൂല്യം ഇടിഞ്ഞത്. ആഗോള വിപണിയിലെ അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വിലവർധനവും ഇന്ത്യൻ രൂപക്ക് കനത്ത പ്രഹരമേൽപ്പിച്ചിരുന്നു. യുദ്ധത്തി ന്റെ പശ്ചാത്തലത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വ്യാപകമായി പണം പിൻലിക്കുന്നതും രൂപയുടെ തകർച്ചക്ക് കാരണമായിട്ടുണ്ട്. നിലവിൽ ഡോളർ ഒന്നിന് 92.30 ആണ് രൂപയുടെ മൂല്യം.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത് തുടരുകയാണ്. ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന രൂപ ഡോളറാക്കി മാറ്റുന്നത് ആഭ്യന്തര കറൻസിയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപം രൂപയിൽ നിന്നും ഡോളറിലേക്ക് മാറ്റുന്നതും വ്യാപകമായിട്ടുണ്ട്.

രൂപയിലുണ്ടായ ഇടിവ് എണ്ണ വില വർധിക്കാനും കാരണമായിട്ടുണ്ട്. കൂടാതെ രാജ്യത്തെ ഇറക്കുമതി ചെലവ് വർധിക്കാനും കാരണമാവും. ഇന്ത്യയുടെ ഊർജ്ജ ആവശ്യത്തിന്റെ 80 ശതമാനത്തിലധികവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ എണ്ണവില വർധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കൂട്ടുകയും ഡോളറിനായുള്ള ആവശ്യം വർധിപ്പിക്കുകയും ചെയ്യും.

എണ്ണ വിലയിലെ വർധന തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുണ്ട്. എണ്ണവില 100 ന് മുകളിൽ തുടർന്നാൽ രൂപയുടെ മൂല്യം വരും ദിവസങ്ങളിൽ 93ൽ എത്തുമെന്നാണ് വിലയിരുത്തുന്നത്.

  • Share This Article
Drisya TV | Malayalam News