Drisya TV | Malayalam News

ഇന്ത്യയുടെ ആകാശ് മിസൈൽ വാങ്ങാൻ ഗ്രീസ്

 Web Desk    16 Feb 2026

ഇന്ത്യയുടെ ആകാശ് എൻജി വ്യോമപ്രതിരോധ സംവിധാനത്തിൽ കണ്ണുവെച്ച് ഗ്രീസ്. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി കാര്യക്ഷമതയുള്ള സംവിധാനങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് ഗ്രീസിന്റെ ശ്രദ്ധയിൽ ഇന്ത്യയുടെ ആകാശ് വ്യോമപ്രതിരോധ സംവിധാനം എത്തിയത്. കരയിൽനിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന ആകാശ് എൻജിയെ, നിലവിൽ ഗ്രീസിന്റെ പക്കലുള്ള സോവിയറ്റ് കാലത്തെ പ്രതിരോധ സംവിധാനങ്ങൾക്ക് പകരമായാണ് ഗ്രീസ് കണക്കാക്കുന്നത്. വർഷങ്ങളായി റഷ്യൻ നിർമ്മിത എസ്-300, ടോർ-എം1, ഓസ-എകെ എന്നീ മിസൈൽ സംവിധാനങ്ങളെയാണ് ഗ്രീസ് ആശ്രയിച്ചിരുന്നത്. എന്നാൽ, മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും അറ്റകുറ്റപ്പണികളിലെ വെല്ലുവിളികളും പരിഗണിക്കുമ്പോൾ ഗ്രീസിന് റഷ്യയെ ആശ്രയിക്കാൻ സാധിക്കില്ല.

ഇക്കാരണത്താൽ നാറ്റോ മാനദണ്ഡങ്ങൾക്കനുസൃതമായ പുതിയ ആയുധങ്ങൾ തേടാൻ ഗ്രീസിനെ പ്രേരിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് സാങ്കേതികമായി മികച്ചുനിൽക്കുന്നതും സാമ്പത്തികമായി ലാഭകരവുമായ ആകാശ്-എൻജി ഗ്രീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. 

50 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള മിസൈലുകളാണ് ആകാശ് എൻജിയുടേത്. വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ എന്നിവയ്ക്ക് പുറമെ ഡ്രോണുകളെ പ്രതിരോധിക്കാനും ഇതിന് സാധിക്കും. അമേരിക്കയുടെ പേട്രിയറ്റ്, ഇസ്രയേലിന്റെ അയൺ ഡോം എന്നിവയെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ മികച്ച പ്രകടനം ആകാശ്-എൻജി വാഗ്ദാനം ചെയ്യുന്നു.

ആകാശ് മിസൈലിന് പുറമെ ഇന്ത്യയുടെ ബ്രഹ്‌മോസ് (BrahMos) സൂപ്പർസോണിക് മിസൈലിലും ഗ്രീസ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ കരാർ യാഥാർത്ഥ്യമായാൽ, അത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയ്ക്ക് വലിയ നേട്ടമായി മാറും.

  • Share This Article
Drisya TV | Malayalam News