തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്ത നിയന്ത്രണത്തിനായി അത്യാധുനിക സംവിധാനങ്ങളുള്ളതും പുതിയതുമായ മൂന്ന് അഗ്‌നിരക്ഷാസേനാവാഹനങ്ങൾ വാങ്ങി. ഇതിനുപുറമേ തീപ്പിടിത്തമുണ്ടാകുന്ന വിമാനങ്ങളുടെ ബോഡി തുളച്ചുകയറി അതിനുള്ളിലെ തീ നിയന്ത്രിക്കുന്നതിന് ഹൈ റീച്ച് എക്‌സ്റ്റെൻഡഡ് ടററ്റ് എന്ന സംവിധാനമുള്ള(എച്ച്.ആർ.ഇ.ടി.) അഗ്‌നിരക്ഷാസേനാവാഹനം ഓസ്ട്രിയയിൽ നിന്നെത്തിക്കും. ഏപ്രിലിലായിരിക്കും ഈ പുതിയ വാഹനമെത്തിക്കുക.
ഓസ്ട്രിയയിലെ റോസൻബോർ കമ്പനിയിൽ നിർമിച്ച പാന്തർ എന്നുപേരുള്ള പുതിയ മൂന്ന് വാഹനങ്ങളാണ് വാങ്ങിയത്. 12 കോടി രൂപയാണ് ഒരു വാഹനത്തിന്റെ വില. 700 എച്ച്.പി.യുടെ എൻജിൻ, 12500 ലിറ്റർ വെള്ളം, 1500 ലിറ്റർ ഫോം, 250 കിലോഗ്രാം രാസവസ്തുക്കൾ എന്നിവ വഹിക്കാനുള്ള ശേഷിയുമുണ്ട്. വിമാനത്താവളത്തിലെ റൺവേയടക്കമുള്ള ഭാഗങ്ങളിലും വിമാനമടക്കമുള്ളവയ്ക്ക് തീപ്പിടിത്തമുണ്ടായാലും ഈ വാഹനങ്ങൾക്ക് 30 സെക്കൻഡിൽ കുതിച്ചെത്തി തീ നിയന്ത്രിക്കാനാകും.
പുതുതായി എത്തിക്കുന്ന എച്ച്.ആർ.ഇ.ടി. സംവിധാനമുള്ള അഗ്‌നിരക്ഷാസേനാ വാഹനത്തിന് 17 കോടി രൂപയാണ് വില. പുതുതായി എത്തിച്ച വാഹനങ്ങളുടെ കമ്മിഷനിങ് എയ്റോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ആമ്പർ ദുബെ നിർവഹിച്ചു. ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്ട്കോടി, ഓപ്പറേഷണൽ മേധാവി പി.കെ. അജു. അഗ്‌നിരക്ഷാസേനാ മേധാവി സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്തു.