ഇന്ത്യ-യുഎസ് കരാറിനെതിരേ ലോക്‌സഭയിൽ കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രംപിനു മുമ്പിൽ കേന്ദ്രം കീഴടങ്ങിയെന്നും ഇന്ത്യയെ അമേരിക്ക തുല്യരായി കാണണമെന്നും രാഹുൽ ഗാന്ധി ലോകസഭയിൽ പറഞ്ഞു.അമേരിക്കയ്ക്ക് ലോകശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ അനിവാര്യമാണ്. ഡാറ്റ വേണമെങ്കിൽ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പറയണം. അമേരിക്ക കർഷകരെ സംരക്ഷിക്കുന്നതുപോലെ ഞങ്ങളും കർഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയണം, രാഹുൽ പറഞ്ഞു.
നിങ്ങളൊരു വ്യാപാരക്കരാർ ഉണ്ടാക്കിയിരിക്കുന്നു. 'നിങ്ങൾ ഇന്ത്യയെ വിറ്റു. നമ്മുടെ അമ്മയെയാണ് നിങ്ങൾ വിറ്റത്. നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?', രാഹുൽ ഗാന്ധി സഭയിൽ ചോദിച്ചു. എന്തുകൊണ്ട് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉണ്ടാക്കി ഇന്ത്യയുടെ കാർഷിക രംഗം പൂർണമായി തുറന്നുകൊടുക്കുന്നു? ഇന്ത്യയുടെ ഊർജ്ജ സുരക്ഷ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള കരാറിന് പ്രധാനമന്ത്രി വഴങ്ങയത് എന്തുകൊണ്ടാണ്? എപ്സ്റ്റീൻ ഫയലുകളാണ് ഇത്തരത്തിൽ ഒരു കരാറിന് പിന്നിലെന്നും രാഹുൽ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം നിഴലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈകൾ കെട്ടിവെച്ചിരിക്കുകയാണ്. എപ്സ്റ്റീൻ കേസിൽ മൂന്ന് മില്യൺ ഫയലുകൾ പുറത്തുവരാനുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എപ്സ്റ്റീൻ ഫയലിൽ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടേയും അനിൽ അംബാനിയുടേയുമൊക്കേ പേരുകളുണ്ടെന്ന് രാഹുൽ പ്രസംഗത്തിൽ പറഞ്ഞു.