Drisya TV | Malayalam News

ലോകത്ത് ഏറ്റവും വിലയേറിയ ഡൊമെയ്ൻ വിറ്റത് 70 മില്യൺ (70000000) ഡോളറിന് 

 Web Desk    11 Feb 2026

ലോകത്ത് വെളിപ്പെടുത്തപ്പെട്ടതിൽവെച്ച് ഏറ്റവും വിലയേറിയ ഡൊമെയ്ൻ വിൽപ്പന കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. ai.com എന്ന ഡൊമെയ്ൻ ഒരു സ്വകാര്യ ജെറ്റ് വാങ്ങുന്നതിന് തുല്യമായ തുക 70 മില്യൺ (70000000) ഡോളർ നൽകിയാണ് ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം സഹസ്ഥാപകനും സിഇഓയുമായ ക്രിസ് മർസാലെക് സ്വന്തമാക്കിയത്. വിൽപ്പന നടത്തിയത് ആരാണെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ മണിക്കൂറുകൾക്ക് ശേഷമാണ് ai.com ഡൊമെയ്ൻ നാമത്തിന് പിന്നിലെ സിനിമാക്കഥയെ വെല്ലുന്ന കഥ പുറംലോകത്തെത്തുന്നത്.

മലേഷ്യൻ ടെക് സംരംഭകനായ അർസ്യാൻ ഇസ്മായിൽ നടത്തിയ ഡൊമെയ്ൻ വിൽപ്പനയാണ് ചരിത്രത്തിൽ ഇടംനേടിയ ഡിജിറ്റൽ ഇടപാടുകളിൽ ഒന്നാക്കി മാറിയത്. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ai.com സ്വന്തമാക്കിയത് നിർമിതബുദ്ധി (എഐ)യുടെ വളർച്ച സ്വപ്നംപോലും കാണാതെ ആയിരുന്നു എന്നറിയുമ്പോഴാണ് അദ്ഭുതം തോന്നുന്നത്. 

അർസ്യാൻ ഇസ്മായിൽ എന്ന സ്വന്തം പേരിലെ ആദ്യ രണ്ടക്ഷരങ്ങൾ ചേർത്ത് അദ്ദേഹം ai.com എന്ന ഡൊമെയ്ൻ രജിസ്റ്റർ ചെയ്തു. അപൂർവവും വൃത്തിയുള്ളതുമായ വെബ് വിലാസം മാത്രമായിരുന്നു അദ്ദേഹം മുന്നിൽക്കണ്ടത്. വർഷങ്ങൾ കഴിഞ്ഞതോടെ ലോകഗതിതന്നെ നിയന്ത്രിക്കാൻ കഴിയുംവിധം പ്രാധാന്യമുള്ള വാക്കായി ai മാറി. ടെക് ശതകോടീശ്വരന്മാർ കോടിക്കണക്കിന് ഡോളറുകൾ എഐയിൽ നിക്ഷേപിച്ചുതുടങ്ങി. ആഗോള ടെക് വ്യവസായത്തെതന്നെ എഐ പുനർനിർമ്മിച്ചു.

മലേഷ്യയിൽ അധികം അറിയപ്പെടാത്ത ടെക് സംരംഭകനും ഇന്റർനെറ്റ് മേഖലയിലെ ആദ്യകാല നിക്ഷേപകനുമായിരുന്നു അർസ്യാൻ ഇസ്മായിൽ. പൊതുരംഗത്തുനിന്ന് വിട്ടുനിന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വ്യവസായ രംഗത്തോ സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്നതിലോ പേരുകേട്ടയാളല്ല. കുറഞ്ഞ മൂല്യമുള്ള ഡിജിറ്റൽ ആസ്തികൾ വർഷങ്ങളായി കൈവശം വെച്ച് മൂല്യം വർധിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ടെക് വ്യവസായത്തിൽ അദ്ദേഹം ക്ഷമാശീലനും അച്ചടക്കമുള്ള സംരംഭകനുമായി അറിയപ്പെട്ടു.

രണ്ട് അക്ഷരങ്ങളുള്ള ഡൊമെയ്നുകൾ ഇന്റർനെറ്റിലെ അപൂർവമായ സ്വത്തുക്കളാണ്. അത്തരത്തിൽ 676 സാധ്യമായ കോമ്പിനേഷനുകൾ മാത്രമേയുള്ളൂ. അവയിൽ ഭൂരിഭാഗവും ദശകങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തവയാണ്. അവ വളരെ വിരളമായി മാത്രമേ കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ. എണ്ണത്തിലുള്ള ഈ കുറവ് അവയെ വളരെ മൂല്യമുള്ളതാക്കിമാറ്റി. എഐ സാങ്കേതികവിദ്യയുടെ രംഗത്ത് വൻ കുതിപ്പുണ്ടായതോടെ ai.com ഉടമപോലും അറിയാതെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഒന്നായിമാറി. ആ സമയത്തുപോലും ടെക് സംരംഭകനായ ഇസ്മയിൽ ഒരു എഐ കമ്പനി രൂപവത്കരിക്കുകയോ ഒരു ഉത്പന്നം പുറത്തിറക്കുകയോ ചെയ്തിരുന്നില്ല എന്നതാണ് കൗതുകകരം.

  • Share This Article
Drisya TV | Malayalam News