ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം.പണമടങ്ങിയ ബാഗുമായി മരത്തിനു മുകളിലേക്ക് കയറിപോകുന്ന കുരങ്ങിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു.
ഒരു വഴിയാത്രക്കാരന്റെ ബാഗ് തട്ടിപറിച്ച് കുരങ്ങ് മരത്തിന് മുകളിലേക്ക് ഓടി കയറുന്നതാണ് വിഡിയോ. ബാഗ് തുറക്കാൻ കുരങ്ങൻ കടിച്ചു പറിക്കുന്നതും ബാഗിനുള്ളിൽ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുന്നതും വിഡിയോയിലുണ്ട്. ബാഗിനുള്ളിൽ നിന്ന് 500 രൂപയുടെ ഒരു കെട്ട് എടുക്കുന്ന കുരങ്ങൻ കഴിക്കാനുള്ള എന്തോ ആണെന്ന് തെറ്റിധരിച്ച് നോട്ടുകെട്ട് കടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിനിടെ താഴെ നിന്നും ആളുകൾ ബഹളം വച്ചതോടെ കടിച്ച് പിടിച്ച നോട്ടുകെട്ടുമായി കുരങ്ങൻ മരത്തിന് മുകളിലേക്ക് കയറുന്നു, പിന്നാലെ ഇലകൾക്കിടയിൽ മറയുന്നു. പിന്നാലെ നോട്ടുകെട്ടുകളിൽ നിന്ന് 500 രൂപ താഴേക്ക് വീണുകൊണ്ടിരുന്നുവെന്നും പറയുന്നു. താഴേക്ക് നോട്ടുകൾ വീഴുന്നത് ശ്രദ്ധിച്ച നാട്ടുകാർ വലിയ ശബ്ദം ഉണ്ടാക്കിയതോടെ കുരങ്ങൻ കൈയിൽ നിന്നും നോട്ട് താഴെക്കിട്ടു.