Drisya TV | Malayalam News

തേജസ് എംകെ1എ യുദ്ധവിമാനം ഒക്ടോബർ 17 വെള്ളിയാഴ്ച പറന്നുയരും

 Web Desk    16 Oct 2025

ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന പദ്ധതിയിലെ നാഴികകല്ലായ തേജസ് എംകെ1എ യുദ്ധവിമാനം നാസിക്കിൽ നിന്ന് ഒക്ടോബർ 17 വെളിയാഴ്ച പറന്നുയരും. ഹിന്ദുസ്ഥാൻ എയ്റോ ലിമിറ്റഡിനാണ് (എച്ച്എഎൽ) വിമാനത്തിന്റെ നിർമ്മാണ ചുമതല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പരിപാടിയിൽ അദ്ധ്യക്ഷനാകും. എച്ച്എഎല്ലിന്റെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിനായുള്ല (എൽസിഎ) മൂന്നാമത്തെ പ്രൊഡക്ഷൻ ലൈനിന്റെ ഉദ്ഘാടനവും അന്ന് നടക്കും.

കഴിഞ്ഞ വർഷം നടത്താനിരുന്ന പരിപാടിയിൽ കാലതാമസമുണ്ടായതിന് പ്രധാനകാരണം അമേരിക്കയിൽ നിന്നുളള ജിഇയുടെ എഫ്404 എഞ്ചിൻ എത്തിക്കുന്നതിൽ തടസ്സമുണ്ടായതാണ്. ഇതുവരെ ഹിന്ദുസ്ഥാൻ എയ്റോ ലിമിറ്റഡിന് നാല് എഞ്ചിനുകൾ മാത്രമേ ലഭിച്ചിട്ടുളു. ഒക്ടോബർ അവസാനത്തോടെ രണ്ടെണ്ണം കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിൻ വിതരണശൃംഖലയിലുണ്ടാകുന്ന തടസമാണ് പ്രധാന പ്രശ്നമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഭാവിയിൽ മാസംതോറുമുള്ള കൃത്യമായ വിതരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 എഞ്ചിനുകളുടെ വിതരണത്തിൽ സ്ഥിരത കൈവരിച്ചാൽ യുദ്ധവിമാനങ്ങളുടെ ഉൽപാദനം ത്വരിതപ്പെടുത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.ഇതുവരെ ആകെ പത്ത് എംകെ1എ വിമാനങ്ങൾ നിർമ്മിച്ച് പരീക്ഷിച്ചിട്ടുണ്ട്.എന്നാൽ, അന്തിമ പരീക്ഷണപറക്കലുകൾക്കും ആയുധസംയോജനങ്ങൾക്കും ശേഷം മാത്രമേ യുദ്ധവിമാനങ്ങൾ പൂർണമായും വ്യോമസേനയ്ക്ക് കൈമാറൂ. ഈ മാസം എംകെ1എ വിമാനങ്ങൾ കൈമാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും തീയതി സ്ഥിരീകരിച്ചിട്ടില്ല. വിമാനങ്ങൾ കൈമാറ്റം ചെയ്യുന്നതിലുണ്ടാകുന്ന കാലതാമസം വ്യോമസേനയ്ക്ക് വലിയ നിരാശയാണ് നൽകുന്നതെന്ന് എയർ ചീഫ് മാർഷൽ വിആർ ചൗധരി ഈ മാസം ആദ്യം പറഞ്ഞിരുന്നു.

  • Share This Article
Drisya TV | Malayalam News