കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ മീറ്ററുകളോളം ഉൾവലിഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയാണ് കടൽ ഉൾവലിഞ്ഞു തുടങ്ങിയത്. ഇരുന്നൂറു മീറ്ററോളം കടൽ ഉൾവലിഞ്ഞതോടെ ഇത് കാണാൻ രാത്രി നിരവധി പേർ തീരത്തെത്തി. ഇവരെ പൊലീസ് എത്തിയാണ് തീരത്ത് നിന്ന് മാറ്റിയത്.
കടൽ പിൻവാങ്ങിയതോടെ മീറ്ററുകളോളം ദൂരത്ത് ചെളിയും മറ്റ് മാലിന്യങ്ങളും രാവിലെ ദൃശ്യമായി. ഒൻപതരയോടെ കടൽ പൂർവസ്‌ഥിതിയിലായി. കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന. ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ചാകര വരുന്നതിനു മുന്നോടിയായി ഇത്തരം പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികളിൽ ചിലർ പറയുന്നത്. 14 മുതൽ കേരള തീരത്ത് ചിലയിടങ്ങളിൽ കള്ളക്കടൽ പ്രതിഭാസമുണ്ടാകാൻ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്‌ഥിതിപഠന ഗവേഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് മാസം മുൻപും കോഴിക്കോട് തീരത്ത് ചെറിയ തോതിൽ സമാനമായ പ്രതിഭാസം റിപ്പോർട്ട് ചെയ്തിരുന്നു.