സ്റ്റീലിനേക്കാൾ അഞ്ചുമടങ്ങ് ബലവും ആറിലൊന്ന് കനവുമുള്ള തടി വികസിപ്പിച്ച് ഗവേഷകൻ. ഭൗതികശാസ്ത്ര ഗവേഷകനായ ലിയാങ്ബിങ് ഹു ആണ് 'സൂപ്പർവുഡ്' എന്ന് പേരിട്ട ഉൽപ്പന്നം വികസിപ്പിച്ചത്. അനുബന്ധ നടപടികൾ പൂർത്തിയാക്കിയതോടെ തൻ്റെ ഇൻവെന്റ് വുഡ് എന്ന കമ്പനിയിലൂടെ തടി വ്യാവസായികമായി വിപണിയിലെത്തിക്കാനാണ് ലിയാങ്ബിങ് ഹുവിന്റെ ശ്രമം.
യേൽ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായ ഹു കഴിഞ്ഞ ഒരുപതിറ്റാണ്ടോളമായി നടത്തിയ ഗവേഷണമാണ് സൂപ്പർവുഡിൽ കലാശിച്ചത്. സസ്യനാരുകളിലെ പ്രധാന ഘടകമായ സെല്ലുലോസ് ഉപയോഗിച്ച് തടിയുടെ ബലം വർധിപ്പിക്കുന്നതിനേക്കുറിച്ചായിരുന്നു ഹുവിന്റെ ഗവേഷണം.ഒരുഘട്ടത്തിൽ നിറം നൽകുന്ന 'ലിഗ്നിൻ' എന്ന പദാർഥം വേർപെടുത്തിയ അദ്ദേഹം സുതാര്യമായ തടിയും നിർമിച്ചിരുന്നു. പ്രകൃതിദത്ത സെല്ലുലോസിനെ രാസപദാർഥങ്ങൾ ഉപയോഗിച്ച് ബലപ്പെടുത്തി തടിയുടെ കാഠിന്യവും ബലവും വർധിപ്പിക്കാനുള്ള ഹുവിൻറെ ശ്രമങ്ങൾ 2017ലാണ് വിജയം കണ്ടത്.
രാസപദാർഥങ്ങൾ ചേർത്ത വെള്ളത്തിൽ തടി പുഴുങ്ങിയെടുക്കുകയാണ് ചെയ്യുക. തുടർന്ന് ഉയർന്ന മർദ്ദം നൽകി തടിയെ പരത്തിയെടുക്കും. ഒരാഴ്‌ചയോളം നീളുന്ന നിർമാണ പ്രക്രിയയിൽ ഉൽപാദിപ്പിക്കുന്ന തടിക്ക് സ്റ്റീലടക്കം ലോഹസങ്കരങ്ങളേക്കാൾ ബലമുണ്ടാവുമെന്ന് ജേണൽ നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
രാസപരമായും പ്രായോഗികമായും സൂപ്പർ വുഡ് തടി തന്നെയാണെന്ന് ഇൻവെന്റ് വുഡ് സി.ഇ.ഒ അലക്സ‌് ലാഒ പറഞ്ഞു. ഉപയോഗത്തിൽ വരുന്നതോടെ കെട്ടിടങ്ങളിൽ നിർമിതികളുടെ ഭാരം ഗണ്യമായി കുറക്കാനാവും. ഭൂകമ്പത്തെ ചെറുക്കാനും കെട്ടിട നിർമാണം വേഗത്തിലാക്കാനും സഹായിക്കുമെന്നും അലക്സ് പറഞ്ഞു.