ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ആഗോള മിസൈൽ പ്രതിരോധ സംവിധാനം ചൈന വികസിപ്പിച്ചതായി റിപ്പോർട്ട്. 'ഡിസ്ട്രിബ്യൂട്ടഡ് എർലി വാണിങ് ഡിറ്റക്ഷൻ ബിഗ് ഡാറ്റ പ്ലാറ്റ്ഫോം' (DEWDBDP) എന്ന് വിളിക്കപ്പെടുന്ന ആഗോള പ്രതിരോധ സംവിധാനമാണ് ചൈന വികസിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ‌് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ സ്വപ്‌പ്ന പദ്ധതിയായ ഗോൾഡൻ ഡോമിന് സമാനമാണ് ചൈനയുടെ പുതിയ പദ്ധതി.
ലോകത്തെവിടെ നിന്നും ചൈനയ്ക്ക് നേരെ തൊടുത്തുവിടുന്ന ആയിരം മിസൈലുകൾ വരെ ഒരേസമയം നിരീക്ഷിക്കാനും പ്രതിരോധിക്കാനും ഈ സംവിധാനത്തിന് കഴിയും. ചൈനയ്ക്കു നേരെ വരാൻ സാധ്യതയുള്ള ഭീഷണികളെ തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനും ഈ സംവിധാനത്തിന് സാധിക്കും. ഭൂമി മുഴുവൻ വ്യാപിച്ചുകിടക്കുന്ന ആദ്യത്തെ മിസൈൽ പ്രതിരോധ സംവിധാനമാണിത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ആണ് പ്രോടോടൈപ്പ് വികസിപ്പിക്കാൻ നേതൃത്വം നൽകുന്നത്. കര, കടൽ, വായു, ബഹിരാകാശം എന്നിവിടങ്ങളിൽനിന്നു ള്ള എല്ലാ ഭീഷണികളെയും ചൈനയുടെ പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന് നശിപ്പിക്കാൻ കഴിയും.