Drisya TV | Malayalam News

വലിയ വാഹനങ്ങളിലെ എയർഹോൺ ദുരുപയോഗം നിരീക്ഷിക്കാൻ സൂപ്പർ ചെക്കിങ് സ്ക്വാഡ് 

 Web Desk    14 Oct 2025

വലിയ വാഹനങ്ങളിലെ എയർഹോൺ ദുരുപയോഗം തടയാൻ മോട്ടോർവാഹന വകുപ്പ് ആരംഭിച്ച പ്രത്യേക പരിശോധന നിരീക്ഷിക്കാൻ സൂപ്പർ ചെക്കിങ് സ്ക്വാഡിനെ നിയോഗിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ക്വാഡ് ഉദ്യോഗസ്ഥരും സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് ഇറങ്ങും. 

സ്വകാര്യ ബസുകളിൽ എയർഹോൺ ഉപയോഗം വ്യാപകമായ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രത്യേക പരിശോധന ആരംഭിച്ചത്. ഫീൽഡ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കുക സ്ക്വാഡിന്റെ ചുമതലയാണ്.

ഓഫീസ് പരിധിയിലുള്ള റൂട്ട് ബസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി നടപടിയെടുക്കണം. പരിശോധന നടത്തിയ വാഹനങ്ങളിൽ സ്ക്വാഡ് സൂപ്പർ ചെക്കിങ് നടത്തും. ഈ വേളയിൽ എയർഹോണുകൾ കണ്ടെത്തിയാൽ ആദ്യം വാഹനം പരിശോധിച്ച ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കി വകുപ്പുതല ശിക്ഷാനടപടി എടുക്കും.

ഓഫീസ് പരിധിയിലുള്ള റൂട്ട് ബസുകളുടെ മേൽനോട്ടച്ചുമതല ഉദ്യോഗസ്ഥർക്ക് വീതിച്ചുനൽകാനും നീക്കമുണ്ട്. ഈ വാഹനങ്ങൾ ഉദ്യോഗസ്ഥർ നിശ്ചിത ഇടവേളകളിൽ പരിശോധിക്കുകയും നിയമലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.വാഹനങ്ങളിലെ എയർ ഹോണുകൾ കണ്ടെത്താൻ തിങ്കളാഴ്‌ച മുതൽ 19-ാം തീയതി വരെയാണ് എയർ ഹോൺ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

അനുമതിയില്ലതെ വയ്ക്കുന്ന എയർഹോണുകൾ കണ്ടെത്തുക മാത്രല്ല ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. ഇവ നിരത്തിലിട്ട് മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ റോഡ് റോളർ കയറ്റി തകർക്കണമെന്ന തരത്തിലാണ് നിർദേശം. ഇതിന്റെ ജില്ലാതല കണക്കുകളും നിത്യേനെ കൈമാറണം. വാഹനങ്ങളിലെ എയർഹോണുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോർ വാഹന വകുപ്പിന് കർശന നിർദേശം നൽകിയിരുന്നു.

  • Share This Article
Drisya TV | Malayalam News