കെഎസ്ആർടിസിയിൽ വൻ വികസനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും സംസ്ഥാനത്തെ പ്രധാന കെഎസ്ആർടിസി ബസ് സ്റ്റേഷനുകളെ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. പറശ്ശിനിക്കടവിന്റെ വികസനത്തിനായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും രണ്ട് ബോട്ടുകളുടെ സർവീസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
പറശ്ശിനിക്കടവിൽ മാർച്ച് മാസത്തോടെ 120 പേർക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക ടൂറിസ്‌റ്റ് എസി ബോട്ട് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് സഫാരി ക്രൂയിസ് മാതൃകയിൽ കവ്വായി കായലിലും സർവീസ് ആരംഭിക്കും. പറശ്ശിനിക്കടവിലേക്ക് രാത്രി സമയങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താൻ തയാറാകുന്നില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വേദിയിൽ നിന്ന് ലഭിച്ച പരാതികളിലാണ് മന്ത്രി നടപടിയെടുത്തത്.