യുഎസിലെ ഗണേശചതുർഥി ഘോഷയാത്രയെയും ഇന്ത്യക്കാരുടെ കുടിയേറ്റത്തെയും വിമർശിച്ചയാളെ പള്ളിയിൽനിന്ന് പുറത്താക്കി. ടെക്സാസിൽ താമസിക്കുന്ന ബിസിനസുകാരനായ ഡാനിയേൽ കീനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാൾ സ്ഥിരമായി പോയിരുന്ന ജിംനേഷ്യവും ഇയാളുടെ അംഗത്വം റദ്ദാക്കിയിട്ടുണ്ട്.
ഡാലസിൽ നടന്ന ഗണേശചതുർഥി ഘോഷയാത്രയുടെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ഡാനിയേൽ സാമൂഹികമാധ്യമത്തിലൂടെ ഇന്ത്യാവിരുദ്ധ പരാമർശം നടത്തിയത്. "നമ്മൾ എച്ച്1 ബി വിസ റദ്ദാക്കണം. എൻ്റെ കുട്ടികൾ ഇന്ത്യയിൽ അല്ല, അമേരിക്കയിലാണ് വളരേണ്ടത്" എന്നായിരുന്നു ഇയാൾ സാമൂഹികമാധ്യമത്തിൽ കുറിച്ചത്.
ഇതിനെതിരേ വ്യാപക വിമർശനമുയർന്നതോടെ ഇയാൾ പിന്നീട് പോസ്റ്റ് പിൻവലിച്ചിരുന്നു. പക്ഷേ, തന്റെ പരാമർശത്തിൽ മാപ്പ് തയ്യാറയല്ലെന്നും ഡാനിയേൽ വ്യക്തമാക്കി.ഡാനിയേലിന്റെ പരാമർശം വ്യാപകമായ പ്രതിഷേധത്തിന് കാരണമായതോടെ ഇത് പാപകരമായ പ്രവൃത്തിയാണെന്നും മാപ്പ് പറയണമെന്നും പള്ളി അധികൃതർ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ക്ഷമാപണം നടത്തില്ലെന്നായിരുന്നു ഡാനിയേലിന്റെ മറുപടി. കുടിയേറ്റവുമായി ബന്ധപ്പെട്ട് തന്റെ കാഴ്ചപ്പാടിൽ ഉറച്ചുനിൽക്കുന്നതായും ഇയാൾ പറഞ്ഞു. ഇതോടെയാണ് പള്ളിയിൽനിന്ന് ഇയാളെ പുറത്താക്കിയത്. ഡാനിയേൽ സ്ഥിരമായി പോയിരുന്ന ജിംനേഷ്യം അധികൃതർ ഇയാളുടെ ജിം അംഗത്വവും റദ്ദാക്കി. മാത്രമല്ല, ഇന്ത്യാവിരുദ്ധ പരാമർശത്തിന് പിന്നാലെ ഡാനിയേലിന്റെ ബിസിനസ് സംരംഭങ്ങൾക്കെതിരേയും പ്രതിഷേധമുയർന്നു. ഡാനിയേലിന്റെ ഉടമസ്ഥതിയിലുള്ള കീൻസ് കഫെ, ബൗണ്ടറീസ് കഫെ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരേ ഓൺലൈനിൽ കൂട്ടത്തോടെ മോശം റിവ്യൂ രേഖപ്പെടുത്തിയും മറ്റുമാണ് പലരും പ്രതിഷേധം രേഖപ്പെടുത്തിയത്.