ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എം ജി രാജ്യമാണിക്യത്തെ മാറ്റി കെ.എസ്.ഇ.ബി ചെയർമാൻ, മാനേജിങ് ഡയറക്ടറായി എൻ പ്രശാന്തിനെ നിയമിച്ചു. കായിക-യുവജനക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ചുമതല ഇദ്ദേഹം തുടരും. എം.ജി രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. വൈദ്യുതി ക്ഷാമവും പ്രതിസന്ധിയും ചർച്ചയാവുന്നതിനിടെയാണ് കെ.എസ്.ഇ.ബി ചെയർമാൻ്റെ മാറ്റം.
കെ.ആർ ജ്യോതിലാൽ ആഭ്യന്തരം-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. നേരത്തെ ധനകാര്യവകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു കെ.ആർ ജ്യോതിലാൽ. ജലവിഭവം, ഭവനം, കയർ എന്നീ വകുപ്പുകളുടെ പൂർണ്ണ അധിക ചുമതലയും ഇദ്ദേഹം വഹിക്കും. അനുപമ ടി.വി ഐഎഎസ് ആണ് പുതിയ ധനകാര്യവകുപ്പ് സെക്രട്ടറി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. തദ്ദേശ വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിന് പിന്നാലെയാണ് ടി.വി. അനുപമയെ മാറ്റിയത്. ദിവ്യ എസ്. അയ്യരും ടി.വി. അനുപമയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നേരത്തെ വാർത്തയായിരുന്നു. മിൻഹാജ് ആലം ഐഎഎസ് ആണ് ധനകാര്യ വകുപ്പ് പുതിയ അഡീഷണൽ ചീഫ് സെക്രട്ടറി.
ഡോ. ഷർമിള മേരി ജോസഫ് ഐഎഎസിനെ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. നിലവിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഡോ. ഷർമിള. ആരോഗ്യവകുപ്പ് മന്ത്രിയുമായുള്ള അസ്വാരസ്യങ്ങൾക്കിടെയാണ് ശർമിളയുടെ മാറ്റം. മുഹമ്മദ് ഹനീഷ് എ.പി.എം. ഐഎഎസ് ആണ് ആരോഗ്യവകുപ്പിലെ പുതിയ അഡീഷണൽ ചീഫ് സെക്രട്ടറി. ആയുഷ്, പൊതുവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളുടെ അധിക ചുമതലയും വഹിക്കും.