ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഗോട്ടയിൽ ടൊമാറ്റോ കെച്ചപ്പ് നിർമിക്കുന്ന ഫാക്ടറിയിൽ റെയ്ഡിനെത്തിയ ആരോഗ്യ വകുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ കണ്ടത് തക്കാളിക്ക് പകരം കൃത്രിമ നിറങ്ങൾ ചേർത്ത ഉരുളക്കിഴങ്ങ് പേസ്റ്റ്.ഇതായിരുന്നു ഇവിടെ നിർമിച്ച ഉൽപന്നത്തിന്റെ്റെ പ്രധാന ചേരുവ.മായം ചേർത്ത 10,630 കിലോ ഭക്ഷ്യ വസ്തുക്കളാണ് ഫാക്ടറിയിലെ റെയ്ഡിൽ പിടിച്ചെടുത്തത്.തുടർന്ന് ഉദ്യോഗസ്ഥർ ഫാക്ടറി സീൽ ചെയ്തു. അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷനിലെ (എഎംസി) ഹെൽത്ത് സ്ക്വാഡിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിനിറങ്ങിയത്.
റെയ്ഡിൽ പിടിച്ചെടുത്തവയിൽ 5000 കിലോ വിൽപനയ്ക്കായി തയാറാക്കി വച്ചിരുന്ന ഉൽപന്നങ്ങളാണ്. വലിയ സ്റ്റീൽ പാത്രത്തിൽ കൃത്രിമ നിറങ്ങൾ ചേർത്ത 5000 കിലോ അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തു. തക്കാളിക്ക് പകരമായി കെച്ചപ്പിനു ഉരുളക്കിഴങ്ങ് പൊടി വെള്ളവുമായി ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയാണ് ചേർത്തിരുന്നത്. ഇതിലേക്ക് കൃത്രിമ നിറങ്ങളും രുചിക്കായുള്ള ചേരുവകളും ചേർത്തിരുന്നു. ഫാക്ടറിയിൽനിന്നും പിടിച്ചെടുത്ത വസ്തുക്കൾ ഏതൊക്കെ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതിനായി ലാബിൽപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ.