Drisya TV | Malayalam News

വിമാനത്തിനുള്ളിൽ വീടൊരുക്കി നൽകി ഇത്തിഹാദ്​ എയർ​വേസ്

 Web Desk    27 Oct 2026

വിമാനത്തിനുള്ളിൽ വീടൊരുക്കി നൽകി ഇത്തിഹാദ്​ എയർ​വേസ്​. കിടപ്പുമുറിയും ലിവിങ്​ റൂമും ഷവർ അടക്കമുള്ള ബാത്ത്​ റൂമും ഉൾപ്പെടെയുള്ള മൂന്ന്​ റൂമുകളാണ്​ ഒരുക്കിയിരിക്കുന്നത്​. രണ്ട്​ യാ​​ത്രക്കാർക്കായാണ്​ ആഢംബര സൗകര്യങ്ങളുള്ള വീട്​ ആകാശത്ത്​ ഒരുക്കിയിരിക്കുന്നത്​. അബൂദബി- ബാങ്കോക്ക്​ റൂട്ടിൽ സർവിസ്​ നടത്തുന്ന ഇത്തിഹാദ് എയർവേസിന്‍റെ എയർബസ് എ380 വിമാനത്തിലാണ്​ ഈ സൗകര്യങ്ങളുള്ളത്​. തിങ്കളാഴ്ചയാണ്​ എ 380 ഡബിൾ ഡക്കർ വിമാനം സർവിസ്​ ആരംഭിച്ചത്​. 125 ചതുരശ്രയടി വിസ്തീർണമുള്ള സ്വകാര്യ സ്യൂട്ടാണ് ദി റെസിഡൻസ്. രണ്ട് യാത്രക്കാർക്ക് ഒരുമിച്ച് ഉപയോഗിക്കാവുന്ന സ്യൂട്ടിൽ മൂന്ന് പ്രത്യേക ഇടങ്ങളാണുള്ളത്. രണ്ട് പേർക്ക് ഇരിക്കാവുന്ന സോഫയടങ്ങിയതാണ്​ ലിവിങ്​ റൂം. ഇരട്ടക്കിടക്കയുള്ളതാണ്​ സ്വകാര്യ ബെഡ്‌റൂം.പൂർണ ഉയരത്തിലുള്ള ഷവറോടുകൂടിയ സ്വകാര്യ ബാത്ത്‌റൂം.

സൗജന്യ വൈഫൈ, ആഡംബര ബെഡ്​, പ്രത്യേക ലൗഞ്ച് വസ്ത്രങ്ങൾ, യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം എന്നിവയും ലഭിക്കും. അബൂദബിയിൽ എത്തിഹാദ് ചോഫർ സേവനവും സ്വകാര്യ ലൗഞ്ച് സ്യൂട്ടിലേക്കുള്ള പ്രവേശനവും പാക്കേജിന്‍റെ ഭാഗമാണ്. ലോകത്തിൽ ആദ്യമായി വിമാനത്തിനുള്ളിൽ ഏർ​പ്പെടുത്തിയ മൂന്ന് മുറികളുള്ള സ്യൂട്ടാണ് ദി റെസിഡൻസെന്നും ​ ഇത്തിഹാദ്​ എയർവേസ്​ പറയുന്നു.എയർബസ് എ380ൽ ഫസ്റ്റ് ക്ലാസിൽ സ്വകാര്യത ഉറപ്പാക്കുന്ന സ്ലൈഡിങ് ഡോറുകളുള്ള ഒമ്പത് ഫസ്റ്റ് ക്ലാസ് അപ്പാർട്ട്‌മെന്‍റുകളുമുണ്ട്​. അബൂദബിയിൽനിന്ന് രാത്രി 9.20ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.35ന് ബാങ്കോക്കിലെത്തും.ബാങ്കോക്കിൽനിന്ന് രാവിലെ 8.35ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20ന് അബൂദബിയിലെത്തും.ശൈത്യകാല വിനോദസഞ്ചാര സീസണിന് മുന്നോടിയായി യാത്രക്കാരുടെ വർധിച്ച ആവശ്യം നിറവേറ്റുന്നതിനും റൂട്ടിലെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനുമാണ് എ380 വിന്യസിച്ചതെന്ന് ഇത്തിഹാദ് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News