മുംബൈയിലെ പ്രമുഖ ഹോട്ടലായ രാധാകൃഷ്ണയില്‍ നിന്ന് മസാലദോശ വാങ്ങിയപ്പോള്‍ ചത്ത എലിയെ കണ്ടെന്ന പരാതിയില്‍ വഴിത്തിരിവ്. ഈ പരാതി വ്യാജമാണെന്നും എലിയെ കണ്ടെന്ന പേരില്‍ ഹോട്ടല്‍ ഉടമയില്‍ നിന്ന് പണം തട്ടാനുള്ള നാടകമാണ് നടന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
സെപ്റ്റംബർ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബത്തോടൊപ്പം ഹോട്ടലിലെത്തിയ അമിത് ത്രിവേദി എന്നയാൾ ദോശയ്ക്കുള്ളിൽ ചത്ത എലിയെ കണ്ടെന്നും ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥതകളുണ്ടായെന്നും കാണിച്ച് ബോറിവലി പൊലീസിലും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലും (FDA) പരാതി നൽകിയിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസൻസ് താത്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.
ലൈസൻസ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ പ്രതികൾ ഹോട്ടൽ ഉടമയെ ബന്ധപ്പെടുകയും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ബന്ധുവിന്റെ ആരോഗ്യനില മോശമായതിനാൽ പണം ആവശ്യമാണെന്നായിരുന്നു ഇവരുടെ വാദം. രണ്ട് സ്ത്രീകളായിരുന്നു പണം ആവശ്യപ്പെട്ട് ഹോട്ടലില്‍ എത്തിയത്. 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഹോട്ടല്‍ എന്നന്നേക്കുമായി പൂട്ടിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
ഹോട്ടൽ ഉടമയ്ക്ക് ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ തുക 7 ലക്ഷം രൂപയായി കുറച്ചു. ഇതിൽ 1 ലക്ഷം രൂപ ഉടമ ഇവർക്ക് നൽകുകയും ചെയ്തു. എന്നാൽ ബാക്കി പണത്തിനായി പ്രതികൾ നിരന്തരം ഫോൺ കോളുകളും സന്ദേശങ്ങളും അയച്ച് ഭീഷണിപ്പെടുത്തുന്നത് തുടർന്നു. ഭീഷണി തുടർന്നതോടെ ഹോട്ടൽ ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു.സംഭവത്തിൽ കവർച്ചാശ്രമത്തിനും ഭീഷണിപ്പെടുത്തലിനും കേസെടുത്തിട്ടുണ്ട്. ഭക്ഷണത്തിൽ എങ്ങനെ എലി വന്നു എന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.